വേങ്ങര തോട്ടിൽ ഹോട്ടൽ മാലിന്യം തള്ളി: കടുത്ത അമർഷത്തിൽ നാട്ടുകാർ

വേങ്ങര തോട്ടിലെ ഗാന്ധിക്കുന്ന് തോണ്ടിച്ചിറ ഭാഗത്ത് വൻതോതിൽ ഹോട്ടൽ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും തള്ളിയ നിലയിൽ കണ്ടെത്തി.

പ്രദേശവാസികളുടെ പ്രധാന ജലസ്രോതസ്സായ തോട്ടിലേക്ക് അർദ്ധരാത്രിയുടെ മറവിൽ മാലിന്യങ്ങൾ ഒഴുക്കിവിട്ട സംഭവത്തിൽ പ്രദേശത്ത് ജനരോഷം തിളച്ചു മറിയുകയാണ്. വിവരമറിഞ്ഞ് എട്ടാം വാർഡ് മെമ്പർ സജിത ടീച്ചർ ജനങ്ങളോടൊപ്പം സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

മാലിന്യ തള്ളൽ തടയുന്നതിനായി പ്രദേശത്ത് അടിയന്തരമായി സോളാർ പാനൽ അധിഷ്ഠിത സിസിടിവി ക്യാമറകളും പ്രകാശ സംവിധാനങ്ങളും സ്ഥാപിക്കുമെന്നും മെമ്പർ പറഞ്ഞു.

തലമുറകളായി കുട്ടികളും മുതിർന്നവരും കുളിക്കാനും നീന്തൽ പഠിക്കാനും ആശ്രയിക്കുന്ന തെളിനീരൊഴുകുന്ന തോട്ടിലാണ് നീരൊഴുക്ക് കുറഞ്ഞ സമയം നോക്കി ചില നിരുത്തരവാദികൾ വിഷമാലിന്യങ്ങൾ ഒഴുക്കുന്നത്.

പ്രകൃതിദത്ത ജലസ്രോതസ്സിനെ വിഷമയമാക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം. കുറ്റക്കാർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}