ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയിൽ ഇളവ് വരുത്തി മദ്രാസ് ഹൈക്കോടതി. കല്ലട്ടി ചുരം വഴി ദിവസം 200 വാഹനങ്ങൾക്ക് മാത്രം ഊട്ടിയിലേക്ക് യാത്ര അനുവദിക്കാൻ കോടതി നിർദേശിച്ചു. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഈ പാത അടച്ചിരുന്നു. എന്നാൽ നീലഗിരി കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ താത്കാലികമായി തുറന്നു. ഇത് വീണ്ടും അടച്ചതിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്.
കല്ലട്ടി ചുരം റോഡ് വഴി രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് 200 വാഹനങ്ങളെ അനുവദിക്കുക. ഈ വഴിയുള്ള യാത്രക്കാരുടെയും ടൈഗർ റിസർവിലെ മൃഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് പാത അടച്ചിരുന്നത്. എന്നാൽ പ്രദേശവാസികളുടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. അതോടൊപ്പം വിനോദസഞ്ചാരികൾക്ക് പ്രദേശവാസികളുടെ വാഹനങ്ങളിൽ സഞ്ചരിക്കാനുള്ള അനുമതിയും നൽകിയിരുന്നു.
35-ഓളം ഹെയർപിൻ വളവുകളുള്ള കല്ലട്ടി ചുരത്തിൽ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. 2018-ൽ കാർ കൊക്കയിൽ വീണ് അഞ്ച് സഞ്ചാരികൾ മരിച്ചതിന് പിന്നാലെ ഇവിടെ വാഹനങ്ങൾക്ക് പലപ്പോഴായി നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. നിലവിൽ മസിനഗുഡിയിൽ നിന്ന് ഊട്ടിയിലേക്ക് പോകാനാണ് ഇളവ്. വലിയ തിരിവുകളും ഇറക്കവുമുള്ള റോഡായതിനാൽ ഊട്ടിയിൽ നിന്ന് മസിനഗുഡിയിലേക്ക് ഈ റോഡ് വഴി വിനോദസഞ്ചാരികളെ പോകാൻ അനുവദിക്കില്ല. നാട്ടുകാരുടെ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി.