കണ്ണമംഗലത്ത് കളി തമാശയ്ക്കിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കണ്ണമംഗലം വാളക്കുട തടത്തിൽ സ്വദേശി മുഹമ്മദ് അഫ്‌നാൻ (11) ആണ് ദാരുണമായി മരണപ്പെട്ടത്.
കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇടക്കാപ്പറമ്പ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അഫ്നാൻ.
സ്കൂൾ ബസ് പോയതിനെ തുടർന്ന് നടന്നുപോകാതെ അടുത്ത ബസിൽ പോയാൽ മതിയെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാരെ പേടിപ്പിക്കാനായി കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്നാണ് വിവരങ്ങൾ.
ഉടൻ തന്നെ കുന്നുംപുറത്തെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണവുമായി ബന്ധപ്പെട്ട തുടർ നടപടികളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.