പെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇനി മുതൽ സഞ്ചാരികൾക്കു സൂര്യോദയവും അസ്തമയവും നേരിട്ട് കണ്ടാനന്ദിക്കാം. പ്രകൃതി മനോഹരമായ കൊടികുത്തിമലയിൽ അടുത്ത മാസം രണ്ടു മുതൽ സന്ദർശനത്തിനു പുതിയ സമയക്രമം പ്രാബല്യത്തിൽ വരുത്താൻ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതോടെ സഞ്ചാരികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
നേരത്തേ നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗങ്ങളും ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു. കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി വനസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിൽ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കും. ബേസ് സ്റ്റേഷനിൽനിന്ന് നിരീക്ഷണ ഗോപുരം വരെയുള്ള യാത്രയ്ക്കായി ഈ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗപ്പെടുത്താം. ഇതിനായി പ്രത്യേക നിരക്കും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ, താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കളപ്പാടൻ ഹുസൈൻ, അംഗം റഹ്മത്ത് ലത്തീഫ്, യൂസഫ് പിലാക്കോട്, എം.കെ.ഗഫൂർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.