വ്യാപാരികളുടെ ഉപജീവനം സംരക്ഷിച്ചുകൊണ്ട് വേങ്ങരയിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കും: ബ്ലോക്ക് പഞ്ചായത്ത്

വേങ്ങര: വേങ്ങരയുടെ വികസന വഴിയിലെ പ്രധാന തടസ്സങ്ങളിലൊന്നായ ഗതാഗതക്കുരുക്കിനും പാർക്കിംഗ് പ്രശ്നങ്ങൾക്കും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. അബൂതാഹിറിന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) സെക്രട്ടേറിയറ്റ് അംഗങ്ങളുമായാണ് ചർച്ച നടന്നത്.

സിഗ്നൽ ലൈറ്റുകൾ, ശാസ്ത്രീയ ഡിവൈഡറുകൾ, യു-ടേൺ സംവിധാനങ്ങൾ, സർക്കിളുകൾ, തെരുവുവിളക്കുകൾ, പാർക്കിംഗ് ക്രമീകരണങ്ങൾ, ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.

ഗതാഗത പരിഷ്കാരങ്ങളുടെ പേരിൽ വ്യാപാരികൾക്ക് ദോഷകരമാകുന്ന അശാസ്ത്രീയ നടപടികൾ ഉണ്ടാകരുതെന്ന് യോഗത്തിൽ സംസാരിച്ച പ്രസിഡണ്ട് എം.കെ. സൈനുദ്ദീൻ ഹാജി ആവശ്യപ്പെട്ടു. വർഷങ്ങളായി കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കണം പുതിയ മാറ്റങ്ങൾ നടപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കുന്ന തരത്തിലുള്ള അന്യായ പരിഷ്കാരങ്ങൾ ഒഴിവാക്കണമെന്നും, വർഷങ്ങളായി വ്യാപാരം നടത്തുന്നവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് മാത്രമേ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നും ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ ആവശ്യപ്പെട്ടു. വ്യാപാരവും ഗതാഗതവും പരസ്പരം താങ്ങായി മുന്നോട്ടുപോകുന്ന രീതിയിലുള്ള സമഗ്രമായ പരിഹാരമാണ് ആവശ്യമെന്ന് ട്രഷറർ മൊയ്തീൻ ഹാജിയും അഭിപ്രായപ്പെട്ടു.

എ.കെ. കുഞ്ഞുട്ടി റോഡിലെ തിരക്കും പാർക്കിംഗ് സംവിധാനങ്ങളും യോഗം ചർച്ച ചെയ്തു. റോഡരികിലെ അനധികൃത കച്ചവടങ്ങൾ ഗതാഗതത്തിനും പൊതുസുരക്ഷയ്ക്കും വലിയ തടസ്സമാകുന്നുണ്ടെന്നും ഇതിനെതിരെ പ്രമേയം പാസാക്കണമെന്നും കെ.ആർ. കുഞ്ഞുമുഹമ്മദ് ഹാജി നിർദേശിച്ചു.

റോഡിലെ സൗകര്യങ്ങളും വാഹനങ്ങളുടെ സുഗമമായ സഞ്ചാരവും ഉറപ്പാക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് വി.എസ്. മുഹമ്മദലി ചൂണ്ടിക്കാട്ടി. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ചില ബസ് സ്റ്റോപ്പുകൾ ഇന്നത്തെ വർധിച്ച വാഹനത്തിരക്കിന് അനുയോജ്യമല്ലെങ്കിൽ അവ മാറ്റിസ്ഥാപിക്കണമെന്നും, ജംഗ്ഷനുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നും സെക്രട്ടറി ഇബ്രാഹിം വെട്ടിക്കാട്ടിൽ അഭിപ്രായപ്പെട്ടു.

ബസുകൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന രീതിയിൽ ക്രമീകരണം വരുത്തണമെന്നും ഡ്രൈവർമാരുമായി ചർച്ച നടത്തി സമവായത്തിലെത്തണമെന്നും സലാം സാഹിബ് ലൈൻ അഭിപ്രായപ്പെട്ടു. ഗതാഗത നിയന്ത്രണത്തിനൊപ്പം തെരുവുവിളക്കുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് കിഡ്സ് വാവാ സാഹിബ് ഓർമിപ്പിച്ചു. പോലീസുമായി സഹകരിച്ച് ട്രാഫിക് നിയമങ്ങൾ കർശനമാക്കണമെന്നും വിവിധ മേഖലകളിലെ ഡ്രൈവർമാരുമായി ചർച്ച നടത്തണമെന്നും ഷുക്കൂർ ഹാജി നിർദേശിച്ചു.

ഗതാഗതക്കുരുക്ക് അഴിച്ചുവിടുന്നതിനൊപ്പം വ്യാപാരികളുടെ ഉപജീവനം സംരക്ഷിക്കുക എന്നത് പ്രധാനമാണെന്ന് ഹക്കീം തുപ്പിലിക്കാട്ട് വ്യക്തമാക്കി. വികസനത്തിന്റെ ചക്രങ്ങൾ മുന്നോട്ടു കറങ്ങുമ്പോൾ ജനജീവിതവും വ്യാപാരവും താളം തെറ്റാതിരിക്കാനുള്ള കരുതൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത വിഷയങ്ങൾക്ക് പുറമെ വേങ്ങരയുടെ മറ്റ് വികസന കാര്യങ്ങളും ചർച്ചയിൽ ഇടംപിടിച്ചു.
ചർച്ചയിൽ ഉയർന്നുവന്ന മുഴുവൻ നിർദേശങ്ങളും വിശദമായി പരിശോധിച്ച്, ബന്ധപ്പെട്ട വകുപ്പുകൾ, പോലീസ്, ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരുമായി ആലോചിച്ച് ജനോപകാരപ്രദമായ തീരുമാനങ്ങൾ നടപ്പാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. അബൂതാഹിർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൂസൈറ മൻസൂർ ചടങ്ങിന് സ്വാഗതം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}