കൈവശം ഉണ്ടായിരുന്നത് മറ്റൊരാൾ ഏൽപ്പിച്ച വാഹനം; മയക്കുമരുന്ന് ഉള്ള വിവരം അറിഞ്ഞില്ല; മലയാളിക്ക് വധശിക്ഷ നടപ്പാക്കിയതിന്റെ ഞെട്ടലിൽ പ്രവാസ ലോകം

മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട കേസിൽ സൗദി അറേബ്യയിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ (41) ശിക്ഷയാണ് കഴിഞ്ഞ ദിവസം രാവിലെ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും റിയാദിലെ ഇന്ത്യൻ എംബസിക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് കൈമാറുകയും ചെയ്തു.

2023-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒമാനിൽ നിന്ന് കരമാർഗ്ഗം സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വെച്ച് സൗദി സുരക്ഷാസേന ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് 43 കിലോഗ്രാമോളം വരുന്ന മാരകമായ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തിരുന്നു.

തുടർന്ന് നടന്ന വിചാരണയിൽ വിചാരണക്കോടതിയും പിന്നീട് അപ്പീൽ കോടതിയും വിധി ശരിവെക്കുകയായിരുന്നു. സുപ്രീം കോടതി അംഗീകാരത്തിനും സൗദി ഭരണാധികാരിയുടെ രാജകീയ ഉത്തരവിനും (റോയൽ ഡിക്രി) ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.

ഒമാനിൽ ഡെലിവറി മേഖലയിൽ ജോലി ചെയ്തിരുന്ന അബൂട്ടി സൗദി വഴി നാട്ടിലേക്ക് വരാൻ പദ്ധതിയിടുന്നതിനിടെയാണ് പിടിയിലാകുന്നത്. വാഹനം തന്റെ പേരിലായിരുന്നെങ്കിലും ഉപയോഗിച്ചിരുന്നത് മറ്റൊരാൾ ആയിരുന്നു. അതിൽ മയക്കുമരുന്നുള്ള വിവരം അറിയില്ലായിരുന്നുവെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നത്.

ഒമാനിൽ നിന്ന് തിരിച്ച ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടെയാണ് ജയിലിലാണെന്ന വിവരം പുറത്തുവന്നത്.

ഖാത്ത്, എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്നുകൾ കൈവശം വെച്ചതിനും കടത്തിയതിനും ഒട്ടേറെ മലയാളികൾ ഇപ്പോഴും വിവിധ ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിൽ മയക്കുമരുന്ന് കേസുകളിൽ വിട്ടുവീഴ്ചയില്ലാത്ത കടുത്ത ശിക്ഷയാണെന്നിരിക്കെ, സാമൂഹ്യപ്രവർത്തകരും മലയാളി സംഘടനകളും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് ഇത്തരം ദുരന്തങ്ങളിലേക്ക് വഴിതെളിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}