യൂണിവേഴ്സിറ്റി റാങ്കിൽ ചരിത്ര നേട്ടവുമായി മലബാർ മൾട്ടിമീഡിയ

വേങ്ങര: കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2023–26 ബാച്ച് ബി.എ. മൾട്ടിമീഡിയ പരീക്ഷാ ഫലത്തിൽ ആദ്യ 20 റാങ്കുകളിൽ ഒമ്പത് റാങ്കുകളും സ്വന്തമാക്കി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വകുപ്പ് ചരിത്ര നേട്ടം കൈവരിച്ചു. സർവകലാശാലാ ചരിത്രത്തിൽ ആദ്യമായാണ് ഒരു കോളേജിലെ വിദ്യാർത്ഥികൾ ആദ്യ 20 റാങ്കുകളിൽ ഇത്രയും സ്ഥാനങ്ങൾ ഒരുമിച്ച് സ്വന്തമാക്കുന്നത്.

മികച്ച അക്കാദമിക് നിലവാരത്തിനൊപ്പം പ്രായോഗിക പരിശീലനത്തിനും സൃഷ്ടിപരമായ പഠനത്തിനും നൽകുന്ന പ്രാധാന്യമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മൾട്ടിമീഡിയ വകുപ്പ് വിലയിരുത്തുന്നു. ക്ലാസ് മുറികളിലെ പഠനത്തിൽ മാത്രം ഒതുങ്ങാതെ യഥാർഥ മീഡിയാ പ്രൊഡക്ഷൻ അനുഭവങ്ങളിലൂടെ വിദ്യാർത്ഥികളെ പ്രൊഫഷണൽ രംഗത്തേക്ക് സജ്ജരാക്കുന്നതാണ് വകുപ്പിന്റെ പഠനരീതി.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റുഡിയോയും ഉയർന്ന നിലവാരത്തിലുള്ള പ്രാക്ടിക്കൽ ലാബും വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിലും പ്രായോഗിക മേഖലയിലും നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുന്നു. ന്യൂസ് പേപ്പർ പ്രൊഡക്ഷൻ, ഓൺലൈൻ ന്യൂസ് പോർട്ടൽ, ഇ-പേപ്പർ, ഓൺലൈൻ എഫ്.എം. ചാനൽ, മാഗസിൻ പ്രൊഡക്ഷൻ, വീഡിയോ പ്രൊഡക്ഷൻ, ഫിലിം ആൻഡ് മീഡിയ പ്രോജക്ടുകൾ, സ്ക്രിപ്റ്റ് റൈറ്റിംഗ്, ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ, ഡിസൈൻ ആൻഡ് ക്രിയേറ്റീവ് പ്രൊഡക്ഷൻ, ആനിമേഷൻ, UI/UX, വെബ് ഡിസൈനിംഗ്, ഓഡിയോ പ്രൊഡക്ഷൻ, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളിൽ മൂന്ന് വർഷത്തെ കോഴ്സിനിടെ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കുന്നു.

റാങ്ക് ജേതാക്കൾ
ഫസ്ന എം.ടി. (മൂന്നാം റാങ്ക്), മുഹമ്മദ് ജവാദ് (എട്ടാം റാങ്ക്), വിഷ്ണു ലജു (എട്ടാം റാങ്ക്), മർവമോൾ ടി.പി. (10-ാം റാങ്ക്), ഫാത്തിമ ഫബി എം.കെ. (14-ാം റാങ്ക്), ഫരിയ (15-ാം റാങ്ക്), നദ കാരാടൻ (16-ാം റാങ്ക്), അർഷിദ കെ. (18-ാം റാങ്ക്), ഇർഫാന തസ്നി കെ.പി. (20-ാം റാങ്ക്) എന്നിവരാണ് സർവകലാശാലാ റാങ്ക് ജേതാക്കൾ.

അക്കാദമിക് മികവിനൊപ്പം കോഴ്സ് പൂർത്തിയാക്കിയ ഉടൻ തന്നെ തൊഴിൽ മേഖലയിൽ പ്രവേശിച്ച വിദ്യാർത്ഥികളുടെ എണ്ണവും മൾട്ടിമീഡിയ വകുപ്പിന്റെ നേട്ടങ്ങളിൽ ശ്രദ്ധേയമാണ്. നദ കാരാടൻ ദുബായിലെ മേജ് ഹൈബ്രിഡ് ലേണിംഗ് എൽ.എൽ.പി കമ്പനിയിൽ- ക്രിയേറ്റീവ് ഡിസൈനർ ആൻഡ് ട്രെയിനറായും മുഹമ്മദ് മിദ്‌ലാജ് അഫൂതാജ് എൻജിനീയറിംഗ് ഗ്രൂപ്പ്, അൽദാനിൽ- പ്രോജക്ട് കോർഡിനേറ്റർ ആൻഡ് സി.എം.ഒ.യായും ഹലീമ സാലിഹ് ഹിൽട്ടൺ പ്രിന്റ് കഫേ, കോഴിക്കോട്,- ഗ്രാഫിക്സ് ഡിസൈനറായും ആശ്നി ബിനു പിക്സ്ഫീഡ് ക്രിയേറ്റീവ് ഏജൻസിയിൽ- ഗ്രാഫിക്സ് ഡിസൈനറായും ശ്യാം ശിവ ഓർബിറ്റ് എന്റർടെയ്ൻമെന്റ്സിൽ- വീഡിയോ എഡിറ്ററായും അഗ്നി ന്യൂസിൽ ഗ്രാഫിക്സ് ഡിസൈനറായും ജോലി ആരംഭിച്ചു.

കോഴ്സ് പൂർത്തിയാക്കിയ ഉടൻ തൊഴിൽ ലഭിക്കുന്നതിനൊപ്പം വിവിധ സർവകലാശാലകളിലും കോളേജുകളിലും ഉന്നത പഠനത്തിനായി വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നതും വകുപ്പിന്റെ അക്കാദമിക് നിലവാരത്തിന്റെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അറിവിനൊപ്പം കഴിവും, കഴിവിനൊപ്പം അനുഭവവും, അനുഭവത്തിനൊപ്പം ആത്മവിശ്വാസവും സ്വന്തമാക്കി പ്രൊഫഷണൽ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് മലബാർ കോളേജിന്റെയും മൾട്ടിമീഡിയ വകുപ്പിന്റെയും ലക്ഷ്യം.

റാങ്ക് ജേതാക്കളെയും കോഴ്സ് പൂർത്തിയാക്കിയ ഉടൻ പ്ലേസ്‌മെന്റ് നേടിയ വിദ്യാർത്ഥികളെയും സെപ്റ്റംബർ 15ന് കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ അനുമോദിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}