സംസ്ഥാനത്ത് പനിയും മറ്റ് പകര്‍ച്ചവ്യാധികളും അതിവേഗം പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 10,943 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്2,496 പേര്‍. സെപ്റ്റംബര്‍ മാസത്തില്‍ ഇതുവരെ 73,679 പേര്‍ ചികിത്സ തേടിയതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണം മാത്രമാണിതെന്നിരിക്കെ, യഥാര്‍ത്ഥ രോഗവ്യാപന തോത് ഇതിലും ഉയര്‍ന്നതാകാനാണ് സാധ്യത.
പനിക്കു പുറമേ ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച് വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 31 പേര്‍ക്ക് ഡെങ്കിപ്പനിയും 12 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ മാസത്തിനിടെ 432 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെടുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഉയര്‍ന്ന താപനിലയും കാലാവസ്ഥാ വ്യതിയാനവും കൊതുകുകളുടെ പെരുകലിന് അനുകൂല സാഹചര്യം ഒരുക്കിയതാണ് രോഗവ്യാപനം തീവ്രമാക്കിയത്. അതേസമയം, ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചയാണ് രോഗവ്യാപനം രൂക്ഷമാക്കിയതെന്ന വിമര്‍ശനം ശക്തമാണ്. മഴക്കാലപൂര്‍വ ശുചീകരണവും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കിയില്ലെന്ന് ആരോപണമുണ്ട്. കൊതുക് വളരുന്ന ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിലും പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിലും വീഴ്ച തുടരുന്ന സാഹചര്യത്തില്‍, അടിയന്തര പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടിതല്‍ പനിബാധിതരുള്ളത്. 2496 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം- 678 , കൊല്ലം - 388, പത്തനംതിട്ട - 415, ആലപ്പുഴ - 518, കോട്ടയം - 235, ഇടുക്കി - 282, എറണാകുളം - 890, തൃശൂര്‍ - 1036, പാലക്കാട് - 965, കോഴിക്കോട് - 937, വയനാട് - 514, കണ്ണൂര്‍ - 732, കാസര്‍കോട് - 857 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. സംസ്ഥാനത്ത് ഇന്നലെ മാത്രം 31 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 12 പേര്‍ എലിപ്പനി ബാധിതരായി ചികിത്സ തേടി.