വേങ്ങര: കേരള വാട്ടർ അതോറിറ്റി എച്ച്.ആർ. ജീവനക്കാരുടെ ദിവസക്കൂലി അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. മറ്റ് സർക്കാർ വകുപ്പുകളിൽ ദിവസവേതനക്കാർക്ക് 750 രൂപ വരെ ലഭിക്കുമ്പോൾ, വാട്ടർ അതോറിറ്റിയിൽ കേവലം 470 രൂപ മാത്രമാണ് നൽകുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത് തികച്ചും മനുഷ്യത്വരഹിതമാണെന്ന് പ്രതിനിധികൾ രോഷം പ്രകടിപ്പിച്ചു.
ബ്ലീച്ചിംഗ് പൗഡർ ഉൾപ്പെടെയുള്ള അപകടകരമായ കെമിക്കൽ സാധനങ്ങൾ ഉപയോഗിച്ച് ക്ലീനിംഗ് ജോലികൾ ചെയ്യുകയും എട്ടു മണിക്കൂർ മുഴുവൻ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ജീവനക്കാർക്ക് വട്ടച്ചിലവിനുപോലുമുള്ള തുക സർക്കാർ നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് കൺവെൻഷനിൽ സംസാരിച്ചവർ വ്യക്തമാക്കി. ഈ തുച്ഛമായ ശമ്പളത്തിൽ നിന്ന് പോലും കരാറുകാർ 10 ശതമാനം പിടിച്ചെടുത്താണ് വേതനം നൽകുന്നതെന്നും ഇതിന് അടിയന്തരമായി മാറ്റം വരണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
തൊഴിലാളികൾക്കുള്ള ശമ്പളം സർക്കാർ നേരിട്ട് നൽകണമെന്നും, 10 വർഷം സർവീസ് പൂർത്തിയാക്കിയ ദിവസവേതനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്തണമെന്നും യോഗം ഐക്യകണ്ഠേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് മാത്യു വർഗീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ:
രക്ഷാധികാരി: പി.എച്ച്. ഫൈസൽ വേങ്ങര
പ്രസിഡൻ്റ്: ഷാജി പീറ്റർ
വൈസ് പ്രസിഡൻ്റ്: ശശി ആനക്കയം
ജനറൽ സെക്രട്ടറി: കെ. സുരേഷ്
ജോയിന്റ് സെക്രട്ടറി: കെ.എം. മനു
ട്രഷറർ: ഫിറോസ് വേങ്ങര
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ഷാജു ജോസഫ്, ദിലീപ് കുമാർ, സ്വാലിഹ് അരിപ്ര, അനൂ സലിം, ശ്രീധരൻ പി., മൊയ്തീൻകുട്ടി, മുരളി മോഹനൻ.