ആനങ്ങാടി ജംഗ്ഷനിലെ അശാസ്ത്രീയ സൈഡ് ഐറിഷിന് മാപ്‌സ് പരാതിക്ക് പരിഹാരം

വള്ളിക്കുന്ന്: ആനങ്ങാടി ജംഗ്ഷനിൽ റോഡിന്റെ വശത്ത് അശാസ്ത്രീയമായി നിർമ്മിച്ച സൈഡ് ഐറിഷ് മൂലം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഉണ്ടായിരുന്ന അപകടഭീഷണിക്ക് പരിഹാരമായി പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു. മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) നൽകിയ പരാതിയുടെയും തുടർന്ന് സിറാജിൽ വന്ന വാർത്തയുടെയും അടിസ്ഥാനത്തിലാണ് വകുപ്പ് നടപടി സ്വീകരിച്ചത്.
ജംഗ്ഷനിലെ വാഹന ഗതാഗതത്തിന് തടസ്സവും അപകടസാധ്യതയും സൃഷ്ടിക്കുന്ന രീതിയിലാണ് സൈഡ് ഐറിഷ് നിർമ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് MAPS പരാതി നൽകിയത്. റോഡിന്റെ വീതി, വാഹനങ്ങളുടെ സഞ്ചാരപാത, ജംഗ്ഷനിലെ ഗതാഗതത്തിരക്ക് എന്നിവ പരിഗണിക്കാതെയുള്ള നിർമ്മാണം അപകടങ്ങൾക്ക് കാരണമാകുമെന്നായിരുന്നു പരാതി.
പ്രത്യേകിച്ച് മറ്റു വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടെ വാഹനങ്ങൾ റോഡിന്റെ വശത്തേക്ക് നീങ്ങുമ്പോൾ അപകടസാധ്യത വർധിക്കുന്ന സാഹചര്യവും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാത്രികാലങ്ങളിലും മഴക്കാലത്തും അപകടസാധ്യത കൂടുതൽ രൂക്ഷമാകുമെന്നും അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ആവശ്യപ്പെട്ടിരുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് ആവശ്യമായ പരിശോധന നടത്തി സൈഡ് ഐറിഷുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ഇതോടെ ജംഗ്ഷനിലെ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഉണ്ടായിരുന്ന ആശങ്കയ്ക്ക് പരിഹാരമായി.
പരാതിയിലും മാധ്യമ വാർത്തയിലും ഉന്നയിച്ച വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ച പൊതുമരാമത്ത് വകുപ്പിന് MAPS മുഖ്യരക്ഷാധികാരി അഡ്വ. പൗരൻ പ്രത്യേക നന്ദി അറിയിച്ചു. അപകടം സംഭവിച്ച ശേഷം പരിഹാരം കാണുന്നതിന് പകരം അപകടസാധ്യത മുൻകൂട്ടി കണ്ടെത്തി പരിഹരിക്കുന്നതിന് അധികൃതർ സ്വീകരിച്ച നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
MAPS മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി, നിയാസ് അഞ്ചപ്പുര എന്നിവരാണ് വിഷയത്തിൽ പൊതുമരാമത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി അപകട സാധ്യത ഒഴിവാക്കിയത്.

ഫോട്ടോ : പൊതുമരാമത്ത് വകുപ്പ് അപകടസാധ്യത ഒഴിവാക്കി കോൺക്രീറ്റ് ചെയ്തത്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}