വള്ളിക്കുന്ന്: കൂട്ടുമൂച്ചിയിൽ പ്രവർത്തിക്കുന്ന മദ്യഷോപ്പിനെതിരെ സമരപ്രഖ്യാപന സമ്മേളനവും ഒരുമണിക്കൂർ ഹർത്താലും സംഘടിപ്പിക്കുവാൻ മദ്യ വിരുദ്ധ സമിതി ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.
സെപ്റ്റംബർ 6 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കൂട്ടുമൂച്ചി മദ്യഷോപ്പിന് മുന്നിലാണ് സമരപ്രഖ്യാപന സമ്മേളനം നടത്തുക.
എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
മദ്യഷോപ്പിന്റെ പ്രവർത്തനം പ്രദേശവാസികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് സമരപരിപാടികൾക്ക് രൂപം നൽകിയത്.
പഞ്ചായത്ത്, വില്ലേജ്, തഹസിൽദാർ, പോലീസ്, എക്സൈസ്, ആർടിഒ, ആർ ഡി ഒ, ഡി എം ഓ, ഫയർ ഫോഴ്സ്, ഡെപ്യൂട്ടി കലക്ടർമാർ, എസ് പി, കലക്ടർ, ജില്ലാ പഞ്ചായത്ത്, എക്സൈസ് വകുപ്പ് മന്ത്രിമാർ എന്നിവർക്കെല്ലാം ഇതിനോടകം പരാതികൾ നൽകിയിട്ടും ജനോപകാരപ്രദമായ നടപടികൾ ഇല്ലാത്തതിനാലാണ് ആക്ഷൻ കമ്മിറ്റി സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചത്.
ജനകീയ രീതിയിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമരപ്രഖ്യാപന സമ്മേളനവും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ തീരുമാനമായത്.
വാർഡ് മെമ്പർമാരായ ജുസൈല കോലാക്കൽ, കനകൻ കുഴിക്കാട്ടിൽ, ബിന്ദു പുഴക്കൽ, പുഷ്പ മൂന്നിച്ചിറ, സഹീറ റഫീഖ്, ആയിഷുമ്മു ബ്ലോക്ക് മെമ്പർ, കടവത്ത് മൊയ്തീൻകുട്ടി, മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത്, ഷാജി തോട്ടത്തിൽ, നല്ലേടത്ത് അഷ്റഫ്, യൂസഫ് പി പി, ശ്രീലാൽ, സുരേന്ദ്രൻ, വാഹിദ് കൊടക്കാട്, കമറുദ്ദീൻ പാണമ്പ്ര, സമീർ കോലാക്കൽ എന്നിവർ പ്രസംഗിച്ചു.
മദ്യഷാപ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഉന്നയിക്കുന്ന പരാതികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സമ്മർദം ശക്തമാക്കുകയുമാണ് സമരത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
ഫോട്ടോ: കൂട്ടുമൂച്ചി മദ്യഷാപ്പ് ജനകീയ കൺവെൻഷൻ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ പ്രസംഗിക്കുന്നു