നാലര പതിറ്റാണ്ടിന്റെ സേവനം; അച്ഛനമ്പലത്തിന്റെ സ്വന്തം 'ഡോക്ടർ' മുഹമ്മദ് കുട്ടിയെ സി.പി.ഐ.എം അച്ഛനമ്പലം ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു

അച്ഛനമ്പലം: ഔദ്യോഗികമായ അക്കാദമിക ബിരുദങ്ങളുടെ തിളക്കമില്ലെങ്കിലും, നാലര പതിറ്റാണ്ടോളം നീണ്ട നിസ്വാർത്ഥ സേവനംകൊണ്ട് ഒരുകൂട്ടം മനുഷ്യരുടെ മനസ്സിൽ 'ഡോക്ടർ' എന്ന വിലാസം സ്വന്തമാക്കിയ മുഹമ്മദ് കുട്ടി സാർ ആരോഗ്യമേഖലയിലെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നു.

നീണ്ട 45 വർഷമാണ് അച്ഛനമ്പലം പ്രദേശത്തെ ആരോഗ്യമേഖലയിൽ അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചത്. തന്റെ ജീവിതത്തിന്റെ ഏറിയപങ്കും ഈ നാട്ടുകാർക്കായി മാറ്റിവെച്ച അദ്ദേഹം, നാടിന്റെ ആഘോഷങ്ങളിലും ദുഃഖാചരണങ്ങളിലും ഒരു നാട്ടുകാരനെന്ന പോലെ സജീവമായി ഒപ്പമുണ്ടായിരുന്നു.

കുറഞ്ഞ ഫീസിൽ കൃത്യമായ പരിശോധനയും ആശ്വാസവും നൽകിയിരുന്ന അദ്ദേഹത്തിന്റെ ക്ലിനിക്, അക്കാലത്ത് അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ഏക ആശ്രയകേന്ദ്രമായിരുന്നു. രോഗശാന്തിക്കൊപ്പം അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും കരുതലും രോഗികൾക്ക് പകർന്ന ആശ്വാസം വലുതായിരുന്നു. ഏറെക്കാലം അച്ഛനമ്പലം അങ്ങാടിയുടെ സജീവ സാന്നിധ്യം കൂടിയായിരുന്നു പ്രിയപ്പെട്ട ഈ മനുഷ്യൻ.

ആരോഗ്യമേഖലയിലെ ഈ മാതൃകാപരമായ സേവനങ്ങൾ മുൻനിർത്തി, സി.പി.ഐ.എം. അച്ഛനമ്പലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. 

ചടങ്ങിൽ സി.പി.ഐ.എം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഷാജി പി, മുസ്തഫ ചെങ്ങപ്ര, സുൽഫിക്കർ മേക്കരുമ്പിൽ, അഭിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

ഔദ്യോഗിക തിരക്കുകളിൽ നിന്നും ജോലിയിൽ നിന്നും വിരമിച്ച് വിശ്രമജീവിതത്തിലേക്ക് കടക്കുന്ന മുഹമ്മദ് കുട്ടി സാറിന് ആരോഗ്യവും സമാധാനവും നിറഞ്ഞ നല്ലൊരു കാലം നാട് ആശംസിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}