ഓപറേഷൻ തൂഫാൻ രണ്ടാംഘട്ടം: ലഹരിക്കെതിരായ പോരാട്ടം വാർഡ് തലങ്ങളിലേക്ക്; ജനജാഗ്രതാ സമിതികൾ വരുന്നു

സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടം വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 'ഓപറേഷൻ തൂഫാൻ' രണ്ടാംഘട്ടത്തിന് തുടക്കമാകുന്നു.

ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'ജനജാഗ്രതാ സമിതികളുടെ' സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 28ന് മലപ്പുറം വേങ്ങരയില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.​തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ചാണ് പദ്ധതിയുടെ രണ്ടാംഘട്ടം ആവിഷ്കരിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർത്തും. എല്ലാ വാർഡുകളിലും കേന്ദ്രീകരിച്ച് ജനജാഗ്രതാ സമിതികൾ രൂപീകരിക്കും.

ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ആശാപ്രവർത്തകർ, ഹരിതകർമസേന, യുവജന സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സമിതികളുടെ പ്രവർത്തനം.​ലഹരിയുടെ കെണിയിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് മുൻഗണന നൽകുന്ന പ്രവർത്തനങ്ങളാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

ഇതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന 'തൂഫാൻ കെയർ' പദ്ധതിയിൽ സംസ്ഥാനത്തെ 35-ഓളം പ്രമുഖ ആശുപത്രികൾ പങ്കാളികളാകും. ഐ.എം.എയുടെ സഹകരണത്തോടെ തൂഫാൻ റിഹാബിലിറ്റേഷൻ പ്രോട്ടോക്കോളും നടപ്പിലാക്കും. ലഹരിബാധിതർക്ക് ഭയരഹിതമായി തുറന്നുസംസാരിക്കാനും സഹായം തേടാനും അമൃത യൂണിവേഴ്സിറ്റി ഐ.ടി വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ പ്രത്യേക 'തൂഫാൻ ആപ്പും' ഉടൻ നിലവിൽ വരും.

അതേസമയം, ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ് പോലീസും എക്സൈസും ചേർന്ന് സ്വീകരിച്ചുവരുന്നത്. ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്യുകയും 11,776 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

റെയ്ഡുകളിൽ 23.925 കിലോഗ്രാം എം.ഡി.എം.എ, 1,457 കിലോഗ്രാം കഞ്ചാവ്, 707 ഗ്രാം ബ്രൗൺ ഷുഗർ, 530 ഗ്രാം ഹെറോയിൻ, 27.6 ഗ്രാം കൊക്കെയ്ൻ, 5.32 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും 2,398 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}