സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങളിൽ യാതൊരുവിധ ഇളവുകളും നൽകാൻ കഴിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വ്യക്തമാക്കി.
2,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർക്കും താമസിക്കുന്ന വീട്ടിൽ എ.സി (എയർ കണ്ടീഷണർ) സ്ഥാപിച്ചിട്ടുള്ളവർക്കും ക്ഷേമ പെൻഷന് അർഹതയുണ്ടാവില്ല.
പെൻഷൻ മാനദണ്ഡങ്ങളിൽ സർക്കാറ ഇളവുകൾ വരുത്തിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ ഈ വിശദീകരണം.
സർക്കാർതലത്തിൽ പൊതുവായി മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്ന ഘട്ടത്തിൽ മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ പരിഗണിക്കുകയുള്ളൂവെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സെക്രട്ടറിമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.