മലപ്പുറം: ഭാരത സെൻസസ് 2027-ന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പുമായി (പോപ്പുലേഷൻ എന്യൂമറേഷൻ) ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിക്ക് മലപ്പുറത്ത് തുടക്കമായി. പ്ലാനിങ് സെക്രട്ടറിയേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടറും ജില്ലാ സെൻസസ് ഓഫീസറുമായ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 12 മുതൽ 15 വരെ നാല് ദിവസങ്ങളിലായി രണ്ട് ബാച്ചുകളായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 12, 13 തീയതികളിൽ ആദ്യ ബാച്ചിന്റെയും 14, 15 തീയതികളിൽ രണ്ടാം ബാച്ചിന്റെയും പരിശീലനം നടക്കും. രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ നടക്കുന്ന ഈ പരിപാടിയിൽ രണ്ട് ബാച്ചുകളിലായി ആകെ 78 ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
2027 ഫെബ്രുവരി ഒൻപതു മുതൽ 28 വരെയാണ് ജനസംഖ്യാ കണക്കെടുപ്പിനായി ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നത്. 2027 ഫെബ്രുവരി 28 അർധരാത്രി 12 മണി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ വിവര ശേഖരണമാണ് പ്രസിദ്ധീകരിക്കുക.
ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസിലെ ജംഷീർ ചെറുകാട്, ഷഹ്ന കാരാടൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ചടങ്ങിൽ എ.ഡി.എം. പി.ഒ. സാദിഖ്, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ ചാർജ്ജ്തല സെൻസസ് ഉദ്യോഗസ്ഥർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ, ക്ലറിക്കൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.