തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 രാവിലെ 10 മണിക്ക് ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.
നിലയ്ക്കൽ - പമ്പ പാത വഴി അറുപതിനായിരം ഭക്തർക്കാണ് ഒരു ദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്.
എരുമേലി കാനനപാത വഴി 3000 ഭക്തർക്ക് ദിവസവും ഓൺലൈൻ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാർ- സത്രം പാത വഴിയുള്ള ഓൺലൈൻ ബുക്കിങ് ദിവസേന 3000 ആണ്.
ഇത് കൂടാതെ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കൽ റിയൽ ടൈം ബുക്കിങ് കേന്ദ്രം വഴി പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ സത്രത്തിലെയും റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം ഭക്തർക്ക് പ്രവേശനം നൽകും.
കേരള ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിങ് കേന്ദ്രം ഒഴിവാക്കിയത്. വെർച്വൽ ക്യൂ ബുക്കിങ് സൗജന്യമാണ്.