ലഖ്‌നൗ: ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിൽ, രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. ലഭിച്ച വിവരമനുസരിച്ച് രാഹുൽ ഗാന്ധി സുരക്ഷിതനാണ്.
91-ാം കിലോമീറ്റർ മൈൽസ്റ്റോണിന് സമീപമാണ് അപകടം നടന്നത്. ഇവിടെ അഞ്ച് വാഹനങ്ങളും ഒരു ആംബുലൻസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകീർത്തി കേസിൽ നേരിട്ട് ഹാജരാകാനായി സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിലേക്ക് പോവുകയായിരുന്നു രാഹുൽ ഗാന്ധി. അതേസമയം സംഘത്തിലുണ്ടായിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും റായ്ബറേലിയിൽ നിന്നുള്ള എം.പിയുമായ ഗാന്ധിയെ സ്വീകരിക്കുന്നതിനായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക പാർട്ടി നേതാക്കളും വിമാനത്താവളത്തിൽ ഒത്തുകൂടിയിരുന്നു.