കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യൂറോപ്യൻ യൂണിയൻ (ഇ.യു.) രാജ്യങ്ങളിലേക്ക് നേരിട്ട് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ചു. കരിപ്പൂരിലെ കാർഗോ കൈകാര്യം ചെയ്യുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന് (കെ.എസ്.ഐ.ഇ.) ആണ് കയറ്റുമതിക്കാവശ്യമായ പരിശോധനകൾ നടത്താനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമുള്ള അനുമതിപത്രം ലഭ്യമായത്.
ഇതുവരെ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന കരിപ്പൂരിലെ കാർഗോ കയറ്റുമതി മേഖലയ്ക്ക് പുതിയ തീരുമാനം വലിയ ഉണർവേകും. നിലവിൽ കരിപ്പൂരിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകൾ ഇല്ലെങ്കിലും, കെ.എസ്.ഐ.ഇ.യിൽ പരിശോധന പൂർത്തിയാക്കുന്നതോടെ ദുബായ് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ വഴി കണക്ഷൻ വിമാനങ്ങളിൽ ചരക്കുകൾ എളുപ്പത്തിൽ യൂറോപ്പിലെത്തിക്കാൻ സാധിക്കും.
മറ്റ് ഇടത്താവളങ്ങളിൽ ഇറക്കുമ്പോൾ വീണ്ടും പരിശോധനകളോ സമയനഷ്ടമോ ഉണ്ടാകില്ലെന്നതാണ് ഈ അനുമതിയിലൂടെ ലഭിക്കുന്ന പ്രധാന നേട്ടം. ഇ.യു. രാജ്യങ്ങൾക്ക് പുറമെ ലണ്ടനിലേക്കുള്ള കയറ്റുമതി അനുമതിയും വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ധാരാളം ഓർഡറുകൾ ലഭിക്കുന്നുണ്ടെങ്കിലും ഇതുവരെ കൊച്ചി, ബംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ് മലബാറിൽ നിന്നുള്ള വ്യാപാരികൾ ചരക്കുകൾ അയച്ചിരുന്നത്. എന്നാൽ പുതിയ അനുമതിയോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള കാർഗോ വാഹനങ്ങൾക്ക് ഏറ്റവും അടുത്തുള്ള കയറ്റുമതി കേന്ദ്രമായി കരിപ്പൂർ മാറും. ഭാവിയിൽ വലിയ വിമാനങ്ങളുടെ (Wide-body aircraft) സർവീസ് കൂടി പുനഃസ്ഥാപിക്കപ്പെടുന്നതോടെ വിദേശ കയറ്റുമതി രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് കരിപ്പൂർ വിമാനത്താവളം സാക്ഷ്യം വഹിക്കും.