കോട്ടക്കൽ: കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ റേഞ്ചേഴ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ‘IGNITE : 2026’ ക്യാമ്പിന് തുടക്കമായി. നഗരസഭാ ചെയർമാൻ ശ്രീ. കെ.കെ. നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. ഹക്കീം മറാത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സലീല വി.കെ. സ്വാഗതം ആശംസിച്ചു. റേഞ്ചേഴ്സ് ലീഡർ ജെസിയ ഹിന്ദ് ക്യാമ്പിന്റെ വിശദാംശങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.
ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സുലൈമാൻ പറമ്മൽ, എം.ടി.എ. പ്രസിഡന്റ് ശ്രീമതി സൈഫുന്നീസ, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീമതി ഷബ്ന, സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. കെ.പി. മജീദ്, എസ്.എം.സി. ചെയർമാൻ ശ്രീ. സജ്ജി, പി.ടി.എ. അംഗം ശ്രീ. ആലിവിക്കുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം, അച്ചടക്കം, സഹകരണമനോഭാവം, സാമൂഹിക സേവനതാൽപര്യം എന്നിവ വളർത്തിയെടുക്കുന്നതിൽ റേഞ്ചേഴ്സ് പ്രവർത്തനങ്ങൾക്കുള്ള പ്രാധാന്യം വിശിഷ്ടാതിഥികൾ തങ്ങളുടെ സന്ദേശത്തിൽ ഓർമിപ്പിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാനും സാമൂഹിക സേവനരംഗത്ത് സജീവമാകാനും ‘IGNITE : 2026’ ക്യാമ്പ് വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.