തിരൂരങ്ങാടി: പ്രായപൂർത്തിയാകാത്ത മക്കൾ ഇരുചക്ര വാഹനങ്ങൾ ഓടിച്ച സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് തിരൂരങ്ങാടി പോലീസ്.
മൂന്നിയൂർ കുന്നത്തുപറമ്പ്, തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശികളായ രക്ഷിതാക്കൾക്കെതിരെയാണ് പോലീസ് ശക്തമായ നടപടി സ്വീകരിച്ചത്.
16 വയസ്സുള്ള കുട്ടികളാണ് വാഹനങ്ങൾ ഓടിച്ചതെന്ന് പോലീസ് അറിയിച്ചു. മോട്ടോർ വാഹന നിയമപ്രകാരം ഏകദേശം 25,000 രൂപയോളം പിഴ ലഭിക്കാവുന്ന കടുത്ത വകുപ്പുകളാണ് രക്ഷിതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഓടിക്കുന്നത് വഴി റോഡിൽ വലിയ അപകടസാധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്.
വരും ദിവസങ്ങളിലും പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഓടിക്കുന്നത് കണ്ടെത്താൻ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും തിരൂരങ്ങാടി എസ്.ഐ അറിയിച്ചു.