വേങ്ങര: ജില്ലാ ഹോമിയോ ആശുപത്രി, മുണ്ടുപറമ്പ്, മലപ്പുറം, വേങ്ങര ഗ്രാമപഞ്ചായത്ത് മോഡൽ സായംപ്രഭാ ഹോം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം അധ്യക്ഷത വഹിച്ചു.
വയോജന പരിചരണദാതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും വാർധക്യകാല രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ക്ലാസും സംഘടിപ്പിച്ചു. വയോജന പരിചരണം കൂടുതൽ ഫലപ്രദമാക്കുന്നതിനും പരിചരണദാതാക്കൾക്ക് ആവശ്യമായ അറിവും അവബോധവും നൽകുന്നതിനും പരിപാടി സഹായകമായി.
ജില്ലാ ഹോമിയോ ആശുപത്രി, മലപ്പുറം, റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. സഹ്ല ടി., മെഡിക്കൽ ഓഫീസർമാരായ ഡോ. മുഹമ്മദ് ഫായിസ് സി. എ., ഡോ. അൽഫിയ നിൻഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സായംപ്രഭാ ഹോമിലെ കെയർ ഗീവർ ഇബ്രാഹീം എ കെ സംസാരിച്ചു.
സായംപ്രഭാ ഹോമിലെ അംഗങ്ങളും അവരുടെ പരിചരണദാതാക്കളും പരിപാടിയിൽ പങ്കെടുത്തു.