കുറ്റൂർ നോർത്ത്: മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ സ്വന്തം വേദനയായി കാണുന്ന മനുഷ്യത്വത്തിൻ്റെ മാതൃക തീർത്ത് കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി. സ്കൂൾ. സ്കൂളിൻ്റെ ജീവകാരുണ്യ പദ്ധതിയായ 'ഉപജീവനം' ഏഴാം ഘട്ടം തിളക്കമാർന്ന വിജയത്തോടെ സമാപിച്ചു. ചടങ്ങിൽ അർഹരായ നാല് കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
പാഠപുസ്തകങ്ങളിലെ അറിവുകൾക്കപ്പുറം സമൂഹത്തിൻ്റെ സ്പന്ദനമറിഞ്ഞ് പ്രവർത്തിക്കുന്ന വിദ്യാലയമാണ് കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി. സ്കൂൾ. മുൻവർഷങ്ങളിലും നിരവധി സഹായഹസ്തങ്ങളുമായി ഈ വിദ്യാലയം മാതൃകയായിട്ടുണ്ട്. അർഹരായ കുടുംബങ്ങൾക്ക് ആടുകൾ, കോഴികൾ, പോത്ത്, താറാവ്, പശു എന്നിവയ്ക്ക് പുറമെ വസ്ത്രോൽപ്പന്നങ്ങളും മുൻഘട്ടങ്ങളിൽ വിതരണം ചെയ്തിരുന്നു.
തൻ്റെ ഔദ്യോഗിക വരുമാനത്തിൻ്റെ ഒരു ഭാഗം സമൂഹത്തിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്കും നാട്ടുകാർക്കുമായി മാറ്റിവെക്കുന്ന പ്രധാനാധ്യാപകൻ രാജു മാഷാണ് ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അധ്യാപനം ക്ലാസ് മുറികളുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ലെന്നും, പൊതുസമൂഹത്തിന് നന്മ ചെയ്യുന്ന നല്ല പൗരന്മാരെ വാർത്തെടുക്കലാണ് യഥാർത്ഥ വിദ്യാഭ്യാസമെന്നും ഈ അധ്യാപകൻ സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ്. വർഷങ്ങൾക്കുശേഷം സ്കൂൾ മുറ്റത്തേക്ക് പഴയ വിദ്യാർത്ഥികൾക്ക് അഭിമാനത്തോടെ തിരിച്ചെത്താൻ കഴിയുന്ന വിധത്തിലുള്ള വ്യത്യസ്തങ്ങളായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ കലവറ കൂടിയാണ് ഈ പ്രൈമറി വിദ്യാലയം.
തയ്യൽ മെഷീൻ വിതരണ ചടങ്ങിൽ സ്കൂൾ മാനേജർ കെ.പി. ഹുസ്സൈൻ ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മുഹസീന, പിടിഎ പ്രസിഡന്റ് അഷ്റഫ് കാമ്പ്രാൻ, വൈസ് പ്രസിഡന്റ് ജയ്ഫർ, എംടിഎ പ്രസിഡന്റ് മുബഷിറ, എസ്എസ്ജി അംഗം ഷംസു, മുൻ പിടിഎ പ്രസിഡന്റ് നിഷാദ്, മുൻ പ്രധാനാധ്യാപകൻ ഉണ്ണിമാഷ്, അധ്യാപകരായ ഗീത, ബിന്ദു, ഷീന, ഉബൈദ്, നിഷ, ഷീബ, ബുഷ്റ, സിൽജ, പിടിഎ അംഗങ്ങളായ അലിയു, രവി, നിഷാന്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.