വേങ്ങര: മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വേങ്ങര പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നിവേദനം സമർപ്പിച്ചു.
വേങ്ങര - തിരൂരങ്ങാടി മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ തേർക്കയം പാലം പുതുക്കിപ്പണിയുക, പാണ്ടികശാലയിൽ അനുമതി ലഭിച്ച ആയുർവേദ ഡിസ്പെൻസറിയുടെ പ്രവർത്തനം വേഗത്തിൽ യാഥാർത്ഥ്യമാക്കുക, തീരദേശ റോഡ് പൂർണ്ണമായി സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായി തേർക്കയം കനാലിന് കുറുകെ പുതിയ പാലം നിർമ്മിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. അഹമ്മദ്, ജനപ്രതിനിധികളും ലീഗ് നേതാക്കളുമായ പി. ഹമീദലി, യു. അബ്ദുറസാഖ്, ടി. അലവിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.
പ്രദേശവാസികളുടെ യാത്രാദുരിതത്തിനും ആരോഗ്യമേഖലയിലെ പരാതികൾക്കും പരിഹാരം കാണാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.