വേങ്ങര: ഗ്രാമപഞ്ചായത്തിന്റെ വയോജന പദ്ധതികൾക്കായി വാർഡ് തലത്തിൽ ‘പറച്ചിലും കേൾക്കലും’ പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ച വാർഡ് മെമ്പർ സുമയ്യയ്ക്ക് ഭരണസമിതിയുടെ പ്രത്യേക ആദരം. സായംപ്രഭാ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഭരണസമിതിയുടെ സ്നേഹോപഹാരം കൈമാറി. വയോജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടറിയാനും അവ പരിഹരിക്കാനും ലക്ഷ്യമിട്ട് വാർഡ് തലത്തിൽ സംഘടിപ്പിച്ച ഈ പരിപാടി വലിയ ജനശ്രദ്ധയും അഭിനന്ദനവും പിടിച്ചുപറ്റിയിരുന്നു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ടി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ 72-ാം വയസ്സിൽ മിസ്റ്റർ ഇന്ത്യ പട്ടം നേടിയ അബ്ദുൽ സലാം, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അസ്ലു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് അബ്ദുൽ സലാമിനെയും വേങ്ങര സായംപ്രഭയിലെ മികച്ച അംഗങ്ങളായ വി പി മുഹ്യുദ്ദീൻ, രവീന്ദ്രൻ എന്നിവരെയും മന്ത്രി ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സബ്ന ഇബ്രാഹീം, സാദിഖ് കോടിയാട്ട്, പഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാൽ, ജനപ്രതിനിധികളായ മുഹ്സിന, ജംസിയ ചീരങ്ങൻ, ഹനീഫ കെ, ഉമ്മർ കൈപ്രൻ, എം പി അഹമ്മദ്, സകീന തൂമ്പിൽ തുടങ്ങിയവരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംസാരിച്ചു.