ഒതുക്കുങ്ങൽ: ലോക ഭക്ഷ്യദിനാചരണത്തോടനുബന്ധിച്ച് പുത്തൻ കാർഷികാനുഭവങ്ങൾ തേടി പാടത്തിറങ്ങി ഞാറുനട്ട് വിദ്യാർഥികൾ. പടിഞ്ഞാറേക്കര എ.എം.എൽ.പി. സ്കൂളിലെ കൊച്ചുകൂട്ടുകാരാണ് നെൽകൃഷിയുടെയും അധ്വാനത്തിന്റെയും നേർക്കാഴ്ചകൾ അനുഭവിച്ചറിഞ്ഞത്.
കാർഷിക സംസ്കാരത്തെക്കുറിച്ചും നെൽകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും പുതിയ തലമുറയിൽ അവബോധം വളർത്തുന്നതിനായി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും പി.ടി.എ.യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ രക്ഷിതാവും പ്രദേശത്തെ കർഷകനുമായ നീർങ്ങാട്ട് രവിയുടെ സഹായത്തോടെയാണ് വിദ്യാർഥികൾ പാടശേഖരത്തിലെത്തിയത്. ഞാറുനടേണ്ട രീതിയും കൃഷിയുടെ അടിസ്ഥാനപാഠങ്ങളും അദ്ദേഹം കുട്ടികൾക്ക് പകർന്നുനൽകി. പുസ്തകത്താളുകളിൽ മാത്രം കണ്ടിട്ടുള്ള കൃഷിരീതികൾ മണ്ണിലിറങ്ങി നേരിട്ട് അനുഭവിച്ചറിഞ്ഞത് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.
പരിപാടിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ മഹ്സൂമ പുതുപ്പള്ളി നിർവഹിച്ചു. ചടങ്ങിൽ പ്രദേശത്തെ കർഷകരെ ആദരിച്ചു. ഹെഡ്മിസ്ട്രസ് പി. നിത്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് രോഹിണി, പി.ടി.എ. പ്രസിഡന്റ് അബ്ദുൽ ഗഫൂർ, എസ്.എസ്.ജി. ഭാരവാഹി കെ.പി. മജീദ് തുടങ്ങിയവർ സംസാരിച്ചു. അന്നത്തിന്റെ വില മനസ്സിലാക്കാനും കർഷകരോട് ആദരവ് പുലർത്താനും ഇത്തരം അനുഭവങ്ങൾ കുട്ടികൾക്ക് കരുത്താകുമെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.