തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന കാളംതിരുത്തി പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്ന സർക്കാർ പ്രൈമറി വിദ്യാലയമെന്ന സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി. സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ മുഴുവൻ മൾട്ടിഗ്രേഡ് ലേണിംഗ് സെന്ററുകളും (എം.ജി.എൽ.സി) പ്രൈമറി വിദ്യാലയങ്ങളായി പ്രഖ്യാപിച്ചതോടെയാണ് വർഷങ്ങളായി തുടർന്ന കാളംതിരുത്തി ബദൽ വിദ്യാലയത്തിന്റെ കാത്തിരിപ്പിന് വിരാമമായത്. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
1997-ൽ നാട്ടുകാരുടെ മുൻകൈയിലാണ് ഇവിടെ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നത്. തുടർന്ന് 2000 ജനുവരിയിൽ ഡി.പി.ഇ.പിക്ക് കീഴിൽ എം.ജി.എൽ.സി.യായി അംഗീകരിക്കപ്പെട്ട ഈ സ്ഥാപനം വർഷങ്ങളോളം വിദ്യാ വളണ്ടിയർമാരുടെ സേവനം ഉപയോഗിച്ചാണ് പ്രവർത്തിച്ചു വന്നത്. പിന്നീട് പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ കോടതി വിധി സമ്പാദിച്ച് സ്വന്തം നിലയിൽ സ്ഥാപനം നിലനിർത്തുകയായിരുന്നു. പി.ടി.എ നിയമിച്ച രണ്ട് അധ്യാപികമാരുടെയും എസ്.എസ്.കെ സ്കീം പ്രകാരം ബി.ആർ.സിയിൽ നിന്ന് നൽകിയ സി.ആർ.സി.സിയുടെയും സഹായത്തോടെയാണ് ഇവിടെ പഠനം നടന്നിരുന്നത്. ശമ്പളം ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും നാട്ടുകാർ തന്നെയാണ് പിരിവെടുത്ത് കണ്ടെത്തിയിരുന്നത്.
തുടർന്ന് പഞ്ചായത്തിലെ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതോടെ 2026 ഫെബ്രുവരിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ജനകീയ യോഗം ചേർന്ന് നടപടികൾ വേഗത്തിലാക്കുകയും സർക്കാറിന്റെ സഹായത്തോടെ വിദ്യാലയം സർക്കാർ എൽ.പി. സ്കൂളായി മാറുകയുമായിരുന്നു.
സ്കൂൾ അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പി.എം.എ. സമീർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പച്ചായി മൊയ്തീൻകുട്ടി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ് കുറ്റൂർ, മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്, മുൻ എം.എൽ.എ. കെ.പി.എ. മജീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.