മലപ്പുറം: 2027 ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം കൊളപ്പുറം-കൂരിയാട് വാദീ ഹറമൈനിൽ വെച്ച് നടക്കുന്ന സമസ്ത സെൻ്റിനറി മഹാസമ്മേളനത്തിൻ്റെ സ്വാഗതസംഘം ഓഫീസ് (സെൻ്റിനറി കാര്യാലയം) കൊളപ്പുറത്ത് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന അനുബന്ധ സമ്മേളനം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സെൻ്റിനറി പ്രോജക്ട് കൗൺസിൽ കൺവീനർ വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ എം.എൻ. കഞ്ഞി മുഹമ്മദ് ഹാജി പതാക ഉയർത്തി. സി. മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, അബൂ ഹനീഫൽ ഫൈസി തെന്നല, താഴപ്ര മൊയ്തീൻ കുട്ടി മുസ്ലിയാർ, സ്വാദിഖ് വെളിമുക്ക് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. പൊന്മള മൊയ്തീൻ കുട്ടി ബാഖവി സ്വാഗതവും മുഹമ്മദ് പറവൂർ നന്ദിയും പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് സമസ്ത സെൻ്റർ കേന്ദ്രീകരിച്ചാണ് സെൻ്റിനറി കർമപദ്ധതികൾ നടന്നു വന്നിരുന്നത്. കൊളപ്പുറത്ത് പുതിയ സെൻ്റിനറി കാര്യാലയം പ്രവർത്തനം ആരംഭിച്ചതോടെ, വരും ദിവസങ്ങളിൽ സമ്മേളന നഗരി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവവും ഊർജ്ജിതവുമാകും.