വേങ്ങരയിൽ അത്ഭുത കാഴ്ചയാകാൻ ആകാശപ്പാത; ഒറ്റത്തൂണിൽ 3 വരി റോഡ്, അന്തിമ രൂപരേഖയായി!

വേങ്ങര: വേങ്ങര അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്നോണം വിഭാവനം ചെയ്ത 250 കോടി രൂപയുടെ ആകാശപ്പാത (എലിവേറ്റഡ് ഹൈവേ) പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്നുള്ള ഉന്നത പൊതുമരാമത്ത് വകുപ്പ് (PWD) ഉദ്യോഗസ്ഥ സംഘം വേങ്ങരയിലെത്തി സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന പൂർത്തിയാക്കി.

പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗം ജോയിന്റ് ഡയറക്ടർ, എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് വേങ്ങരയിലെത്തി വിശദമായ പരിശോധനകൾ നടത്തിയത്. ഈ സംഘം തയാറാക്കി നൽകുന്ന അന്തിമ ഡിസൈനിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (DPR) തയാറാക്കുക.

2.67 കിലോമീറ്റർ ദൈർഘ്യം; ഒറ്റത്തൂണിൽ മൂന്ന് വരി പാത

ഊരകം കുറ്റാളൂർ ബദരിയ്യ ജുമാ മസ്‌ജിദ് പരിസരത്തുനിന്ന് തുടങ്ങി വേങ്ങര അമ്മാഞ്ചേരി ക്ഷേത്ര പരിസരത്ത് അവസാനിക്കുന്ന വിധത്തിലാണ് ആകാശപ്പാതയുടെ റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. മൊത്തം 2.67 കിലോമീറ്റർ ദൈർഘ്യമുള്ള പാത പൂർണ്ണമായും ഒറ്റത്തൂണിലാണ് (Single Pier) നിർമ്മിക്കുന്നത്.

11 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാതയിലൂടെ ഒരേസമയം മൂന്ന് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. കൂടാതെ, ആകാശപ്പാതയ്ക്ക് താഴെയായി ഇരുവശങ്ങളിലുമായി ആറ് മീറ്റർ വീതിയുള്ള സർവീസ് റോഡുകളും വാഹനങ്ങൾക്കായി പാർക്കിംഗ് സൗകര്യവും ക്രമീകരിക്കും.

പദ്ധതിയുടെ ഭാഗമായുള്ള മാപ്പിങ് ആൻഡ് ടൊപ്പോഗ്രാഫിക്കൽ സർവേ ഇതിനകം വിജയകരമായി പൂർത്തിയായിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനം കൂടി പൂർത്തിയായതോടെ പദ്ധതിയുടെ തുടർനടപടികൾ കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}