പറപ്പൂർ: ഹോപ്പ് ഫൗണ്ടേഷൻ പറപ്പൂർ പെയിൻ & പാലിയേറ്റീവ് സെന്ററും മലപ്പുറം ജില്ലാ ട്രോമ കെയറും സംയുക്തമായി സംഘടിപ്പിച്ച ട്രോമ കെയർ പരിശീലന ക്ലാസ്സ് ഹോപ്പ് ഫൗണ്ടേഷൻ കെട്ടിടത്തിൽ വെച്ച് നടന്നു. ജില്ലാ ഫസ്റ്റ് എയിഡ് ട്രെയിനർ ഷമീർ അലി പി. പരിശീലനത്തിന് നേതൃത്വം നൽകി.
അപകടങ്ങളോ പെട്ടെന്നുള്ള രോഗബാധയോ ഉണ്ടാകുമ്പോൾ ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് മുമ്പ് നൽകേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ച് സമഗ്രമായ പരിശീലനമാണ് ക്ലാസ്സിൽ നൽകിയത്. സി.പി.ആർ (CPR) നൽകുന്ന രീതി, പൊള്ളൽ, തൊണ്ടയിൽ ഭക്ഷണം കുടുങ്ങൽ, പാമ്പുകടി, വെള്ളത്തിൽ മുങ്ങൽ, നായയുടെ കടി തുടങ്ങിയ സാഹചര്യങ്ങളിൽ ചെയ്യേണ്ട അടിയന്തര കാര്യങ്ങൾ പ്രാക്ടിക്കൽ ഡെമോ സഹിതം വിശദീകരിക്കുകയും പങ്കെടുത്തവരെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.
ചടങ്ങിൽ പാലിയേറ്റീവ് ഡിവിഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ് പി.കെ. സ്വാഗതം ആശംസിച്ചു. ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡന്റ് സി. അയമുദു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ പ്രതിനിധികളായ വി.എസ്. മുഹമ്മദ് അലി, എൻ. മജീദ് മാസ്റ്റർ, മൊയ്തുട്ടി ഹാജി, കുഞ്ഞാലസ്സൻ ഹാജി, സലീമ ടീച്ചർ, ടി. മുഹമ്മദ് മാസ്റ്റർ, പി.കെ. മുഹമ്മദ് മാസ്റ്റർ, കെ.കെ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ട്രെയിനർ മറുപടി നൽകി. മൊയ്തുട്ടി ഹാജിയുടെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു.