കേന്ദ്ര പെൻഷൻ പദ്ധതികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടി; ഇനി 'പ്രധാനമന്ത്രി' യോജനകൾ!

ഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പദ്ധതികൾ പുനർനാമകരണം ചെയ്യാനും ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ.എസ്.എ.പി.) അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനും തീരുമാനമായത്.

2026-27 മുതൽ 2030-31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്ക് 53,428 കോടി രൂപയുടെ വിഹിതത്തോടെ പദ്ധതി തുടരാനുള്ള ഗ്രാമവികസന മന്ത്രാലയത്തിന്റെ ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനൊപ്പമാണ് ഇന്ദിരാഗാന്ധിയുടെ പേരിലുള്ള മൂന്ന് പെൻഷൻ പദ്ധതികളുടെയടക്കം പേര് മാറ്റിയത്.

ഇതോടൊപ്പം ഭിന്നശേഷിക്കാർക്കുള്ള പെൻഷന്റെ അർഹതാ മാനദണ്ഡങ്ങളിലും പരിധിയിലും സഹായ നിരക്കിലും മാറ്റങ്ങൾ വരുത്താനും തീരുമാനമായിട്ടുണ്ട്. എന്നാൽ വയോജന പെൻഷൻ, വിധവാ പെൻഷൻ, കുടുംബ സഹായ പദ്ധതി എന്നിവ നിലവിലുള്ള വ്യവസ്ഥകളോടെത്തന്നെ മാറ്റമില്ലാതെ തുടരും.

പദ്ധതികളുടെ പുതിയ പേരുകൾ

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി 1995 ലാണ് ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ.എസ്.എ.പി.) ആരംഭിച്ചത്. ഇതിന് കീഴിലുള്ള അഞ്ച് പദ്ധതികളുടെ പേരുകളാണ് ഇപ്പോൾ പരിഷ്കരിച്ചത്.

നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം ഇനി മുതൽ പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന എന്നറിയപ്പെടും. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതി ഇനി പ്രധാനമന്ത്രി വൃദ്ധാവസ്ഥാ പെൻഷൻ യോജന എന്ന് പുനർനാമകരണം ചെയ്തു. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന എന്നാക്കി മാറ്റി. ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി പ്രധാനമന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജന എന്ന് പേരുമാറ്റി. നാഷണൽ ഫാമിലി ബെനിഫിറ്റ് സ്കീം പ്രധാനമന്ത്രി പരിവാർ ലാഭ് യോജന എന്ന് പുനർനാമകരണം ചെയ്തു.

പ്രധാൻ മന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജനയ്ക്ക് കീഴിലുള്ള ധനസഹായത്തിൽ മാത്രമാണ് കേന്ദ്രം നിലവിൽ വർദ്ധനവ് വരുത്തിയിട്ടുള്ളത്. വാർദ്ധക്യകാല, വിധവാ പെൻഷൻ തുകകളിൽ മാറ്റമില്ല. ദിവ്യാംഗ്ജൻ പെൻഷൻ പദ്ധതി പ്രകാരം, 0 മുതൽ 79 വയസ്സ് വരെയുള്ള ഗുണഭോക്താക്കൾക്ക് പ്രതിമാസം ലഭിക്കുന്ന തുക 300 രൂപയിൽ നിന്ന് 375 രൂപയായി ഉയർത്തി. 80 വയസ്സും അതിൽ കൂടുതലുമുള്ളവർക്കുള്ള ധനസഹായം 500 രൂപയിൽ നിന്ന് 625 രൂപയായും വർദ്ധിപ്പിച്ചു.

കൂടാതെ, ഭിന്നശേഷി പെൻഷൻ ലഭിക്കുന്നതിനുള്ള വൈകല്യ പരിധി നിലവിലെ 80 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറച്ചു. ഭിന്നശേഷി പെൻഷന് അർഹത നേടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ജനനം മുതലാക്കി നിശ്ചയിച്ചതായും ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}