കൊച്ചി: അപകടത്തിൽപ്പെടുന്ന വാഹനങ്ങളിൽ വരുത്തിയിട്ടുള്ള അനധികൃത രൂപമാറ്റങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ‘ഇ-ഡീറ്റൈൽഡ് ആക്സിഡന്റ് റിപ്പോർട്ട്’ പോർട്ടലിൽ നിർബന്ധമായും അപ്ലോഡ് ചെയ്യണമെന്ന് കേരള ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം, അപകടത്തിൽ പരിക്കുകളുടെ തീവ്രത വർധിപ്പിക്കുന്ന തരത്തിലുള്ള ബോഡി വർക്ക് മാറ്റങ്ങൾ, എൻജിൻ ശേഷി കൂട്ടൽ, ബ്രേക്കിങ് സംവിധാനത്തിലെ മാറ്റങ്ങൾ തുടങ്ങിയവ പോർട്ടലിൽ രേഖപ്പെടുത്തണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇത്തരം വിവരങ്ങൾ പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന ഗതാഗത കമ്മീഷണർ ഉറപ്പുവരുത്തണം. പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഓൺലൈനിൽ ലഭ്യമാണെങ്കിലും പ്രിന്റൗട്ട് എടുക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടെന്ന് ഗതാഗത കമ്മീഷണർ കോടതിയെ അറിയിച്ചു. വിഷയം നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയതിനെ തുടർന്ന്, എൻഐസിയെ കോടതി കേസിൽ സ്വമേധയാ കക്ഷിചേർത്തു.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ഈ ഉത്തരവ്.