വേങ്ങര: വേങ്ങരയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) സർക്കാർ തുടക്കം കുറിച്ച മേൽപ്പാല നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് എൽ.ഡി.എഫ് വേങ്ങര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മേൽപ്പാല നിർമ്മാണം തടസ്സപ്പെടുത്തുന്നതിനായി എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരെ വേങ്ങരയിലെ ജനങ്ങൾ തള്ളിക്കളയണമെന്ന് യോഗം ആഹ്വാനം ചെയ്തു.
രാജ്യത്തൊട്ടാകെ നടന്നു വരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി നവംബർ 6-ന് വേങ്ങരയിൽ 'ജന്തർ മന്തർ' പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
എൻ. കെ. പോക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കൺവീനർ കെ. ടി. അലവിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. നേതാക്കളായ നയീം ചേറൂർ, പ്രകാശ് കുണ്ടൂർ, എം. കെ. റസാക്ക്, കെ. സി. സൈതലവി, ചെമ്പൻ ശിഹാബ്, സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.