തിരൂരങ്ങാടിയിൽ 23 പവനും 5 ലക്ഷവും കവർന്ന കേസ്: വീട്ടുടമയുടെ മകനടക്കം 4 പേർ പിടിയിൽ; പിന്നിൽ വൻ ഭീഷണി

തിരൂരങ്ങാടി: വീട്ടിൽനിന്ന് 23 പവൻ സ്വർണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും മോഷ്ടിച്ചെന്ന പരാതിയിൽ ടിസ്റ്റ്..! വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനും സുഹൃത്തായ പതിനേഴുകാരനുമടക്കം നാലുപേരെ തിരൂരങ്ങാടി പോലീസ് പിടികൂടി. പതിനേഴുകാരനെ ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണാഭരണങ്ങളും പണവും മറ്റുള്ളവർ കൈക്കലാക്കുകയായിരുന്നു.

പുകയൂർ പാലമഠത്തിൽ പുതുപ്പറമ്പ് ഉബൈദ് (33), താനൂർ ഉണ്യാൽ ചക്കരമൂല സ്വദേശി കണ്ണംവളപ്പിൽ ഷുഹൈദ് (33) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനെയും സുഹൃത്തിനെയും ജുവൈനൽ നിയമപ്രകാരമാണ് അറസ്റ്റുചെയ്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ മോഷണം നടന്നുവെന്നാണ് വീട്ടുടമസ്ഥൻ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നത്. 

അന്വേഷണം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്:

സി.സി.ടി.വി. ദൃശ്യങ്ങളും മറ്റു തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു മോഷണം വീട്ടിൽ നടന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകൻ സുഹൃത്തും ബന്ധുവുമായ വ്യക്തിയുടെ നിർബന്ധത്തിന് വഴങ്ങി മൂന്നുപവൻ സ്വർണാഭരണം വീട്ടിൽനിന്ന് നേരത്തേ എടുത്തുനൽകിയിരുന്നു.

ഈ സ്വർണം വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായെന്നും ഇതിൽനിന്ന് രക്ഷപ്പെടുന്നതിന് ഇനിയും കൂടുതൽ സ്വർണം വേണമെന്നും ഭീഷണി തുടർന്നു. വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പതിനേഴുകാരനെക്കൊണ്ട് വീട്ടിൽനിന്ന് കൂടുതൽ സ്വർണവും പണവും മോഷണസംഘം എടുപ്പിച്ചത്.

കഴിഞ്ഞദിവസം വീട്ടുകാരെയും പതിനേഴുകാരനെയും വിശദമായി ചോദ്യംചെയ്തതോടെയാണ് മോഷണക്കേസിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അന്വേഷണത്തിന് നേതൃത്വംനൽകിയ തിരൂരങ്ങാടി സി.ഐ ബി. പ്രദീപ്കുമാർ അറിയിച്ചു.

അറസ്റ്റിലായ സുഹൈദിന്റെ പേരിൽ വേങ്ങര പോലീസ് സ്റ്റേഷനിൽ വധശ്രമക്കേസും താനൂർ സ്റ്റേഷനിൽ ആയുധമുപയോഗിച്ച് ആക്രമിച്ച് പരുക്കേൽപ്പിച്ച കേസുമുണ്ട്. 

ഉബൈദിന്റെ പേരിൽ തിരൂരങ്ങാടി സ്റ്റേഷനിൽ ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ടു കേസുകളും കത്തിക്കുത്ത് കേസും നിലവിലുണ്ട്. പ്രതികളായ സുഹൈദിനെയും ഉബൈദിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}