റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത; ഡിസംബർ മുതൽ 27 രൂപയ്ക്ക് അരി വിതരണം

സംസ്ഥാനത്ത് അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ പൊതുവിതരണ സംവിധാനം വഴി ലഭ്യമാക്കുന്നതിനുമായി സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് സർക്കാർ രൂപം നൽകി. ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ഇ-ലേലം നടത്താതെയും ആവശ്യമെങ്കിൽ നേരിട്ടും അരി സംഭരിക്കാൻ സർക്കാരിന് പദ്ധതിയിലൂടെ സാധിക്കും. എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമാവധി 15 കിലോഗ്രാം വരെ ധാന്യങ്ങൾ വിതരണം ചെയ്യാനാണ് വ്യവസ്ഥ. സംഭരണ വിലയും കൈകാര്യ ച്ചെലവും മാത്രം ഉൾപ്പെടുത്തി ലാഭമെടുക്കാതെയായിരിക്കും വില നിശ്ചയിക്കുക.

പദ്ധതിയുടെ നടത്തിപ്പ് ചുമതല സിവിൽ സപ്ലൈസ് കമ്മിഷണർക്കാണ്. വിപണിയിൽ ഇടപെടുന്നതിനായി ഓരോ തവണയും സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ഫണ്ട് അനുവദിക്കും.

ഡിസംബർ മാസത്തിൽ റേഷൻ കടകൾ വഴി പ്രത്യേക നിരക്കിൽ അരി വിതരണം ചെയ്യും. മുൻഗണനേതര വിഭാഗത്തിലെ വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് അഞ്ച് കിലോഗ്രാം വീതം പുഴുക്കലരിയും മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് മൂന്ന് കിലോഗ്രാം വീതം പച്ചരിയുമാണ് ലഭിക്കുക.

കിലോഗ്രാമിന് 23.90 രൂപ നിരക്കിൽ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന അരി കൈകാര്യച്ചെലവ് ഉൾപ്പെടെ 27 രൂപയ്ക്കാണ് വിതരണം ചെയ്യുക.

25,000 ടൺ അരി വാങ്ങുന്നതിനായി 59.75 കോടി രൂപ എഫ്സിഐക്ക് നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഓണക്കാലത്തും വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് പ്രത്യേക പദ്ധതിയിലൂടെ 10 കിലോഗ്രാം വീതം അരി വിതരണം ചെയ്തിരുന്നു.

പൊതുവിപണിയിലെ അരിവില നിയന്ത്രിക്കുന്നതിനും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}