പെൻഷൻ മുടങ്ങുമോ? മലപ്പുറത്ത് 32,000-ത്തിലധികം പേർക്ക് തിരിച്ചടി; മസ്റ്ററിങ് കണക്കുകൾ പുറത്ത്!

മലപ്പുറം: സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവർക്ക് മസ്റ്ററിങ്ങിന് അനുവദിച്ച സമയം പൂർത്തിയായപ്പോൾ ജില്ലയിൽ 32,633 പേർ മസ്റ്ററിങ് നടത്തിയില്ല. കഴിഞ്ഞ 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ജില്ലയിലെ ഗുണഭോക്താക്കളിൽ 6 ശതമാനത്തോളം പേരാണ് മസ്റ്ററിങ് നടത്താതിരുന്നത്. ഇവരുടെ ക്ഷേമപെൻഷൻ തടയപ്പെടും.

ജില്ലയിൽ 5,60,430 പേരാണു ക്ഷേമപെൻഷൻ കൈപ്പറ്റുന്നത്. ഇതിൽ 5,27,797 പേർ മസ്റ്ററിങ് പൂർത്തിയാക്കി. കഴിഞ്ഞ ജൂലൈ 17ന് ആണ് മസ്റ്ററിങ് ആരംഭിച്ചത്. 2025 ഡിസംബർ 31 വരെ ക്ഷേമപെൻഷൻ അനുവദിച്ചവരാണു മസ്റ്ററിങ് നടത്തേണ്ടത്.

വാർധക്യകാല പെൻഷൻ കൈപ്പറ്റുന്നവരാണു മസ്റ്ററിങ് നടത്താത്തവരിൽ കൂടുതൽ– 22,700 പേർ. ഇതിൽ മരിച്ചവർ ഉണ്ടാകുമെന്നാണ് കരുതുന്നത്. വിധവാ പെൻഷൻ കൈപ്പറ്റിയിരുന്ന 6,035 പേരും ഭിന്നശേഷി പെൻഷൻ കൈപ്പറ്റുന്ന 2,900 പേരും കർഷക പെൻഷൻ കൈപ്പറ്റുന്ന 658 പേരും 50 വയസ്സ് കഴിഞ്ഞ വിവാഹിതരാവാത്ത സ്ത്രീകൾക്കുള്ള പെൻഷൻ കൈപ്പറ്റുന്ന 340 പേരും മസ്റ്ററിങ് നടത്തിയില്ല.

ജില്ലയിൽ വിവിധ വിഭാഗങ്ങളിലെ ആകെ എണ്ണവും മസ്റ്ററിങ് നടത്തിയവരുടെ എണ്ണവും (ബ്രായ്ക്കറ്റിൽ). കർഷകത്തൊഴിലാളി പെൻഷൻ: 19,665 (19,007), ദേശീയ വാർധക്യകാല പെൻഷൻ: 3,17,799 (2,95,099), ഭിന്നശേഷി പെൻഷൻ: 58,007 (55,107), 50 വയസ്സ് കഴിഞ്ഞ വിവാഹിതരാവാത്ത സ്ത്രീകൾക്കുള്ള പെൻഷൻ: 7,039 (6,699), വിധവാ പെൻഷൻ: 1,57,920 (1,51,885).

ജില്ലയിൽ സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരിൽ മസ്റ്ററിങ് നടത്താൻ കൂടുതൽപേർ ബാക്കിയുള്ളത് നഗരസഭകളിൽ. ജില്ലയിലെ 12 നഗരസഭകളിലുമായി 6,197 പേരാണു മസ്റ്ററിങ് നടത്താനുള്ളത്.

ഏറ്റവും കൂടുതൽ പേർ മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളതു പൊന്നാനി നഗരസഭയിലാണ്, 989 പേർ. തൊട്ടുപിറകിൽ പരപ്പനങ്ങാടി (677), മഞ്ചേരി (612) നഗരസഭകളാണ്. മറ്റു നഗരസഭകളിൽ ബാക്കിയുള്ളവർ: കൊണ്ടോട്ടി (572), താനൂർ (550), മലപ്പുറം (481), നിലമ്പൂർ (447), പെരിന്തൽമണ്ണ (444), തിരൂരങ്ങാടി (429), കോട്ടയ്ക്കൽ (415), തിരൂർ (362), വളാഞ്ചേരി (219).‌

പ‍ഞ്ചായത്തുകളിൽ വള്ളിക്കുന്നിലാണ് (620) ഏറ്റവും കൂടുതൽ പേർ മസ്റ്ററിങ് നടത്താനുള്ളത്. തൃക്കലങ്ങോട് (499), പാണ്ടിക്കാട് (475), ആലങ്കോട് (458), വട്ടംകുളം (440), തൃപ്രങ്ങോട് (411), വെളിയങ്കോട് (411), കുറ്റിപ്പുറം (410), ചുങ്കത്തറ (404), തിരുനാവായ (401) എന്നിവയാണു തൊട്ടുപിന്നിൽ. മറ്റു പഞ്ചായത്തുകളിൽ നാനൂറിൽ താഴെയുള്ളവരാണ് മസ്റ്ററിങ് നടത്താനുള്ളത്. ഏറ്റവും കുറവ് കൽപകഞ്ചേരിയിലാണ് (97).
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}