മലപ്പുറം: മലപ്പുറം സിവിൽ സ്റ്റേഷനിൽ നിർമ്മിക്കാനൊരുങ്ങുന്ന പുതിയ റവന്യു ടവർ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ജില്ലാ കലക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സർക്കാർ ഓഫീസുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ, ഓഫീസ് മുറികളുടെ ക്രമീകരണം, പൊതുജനങ്ങൾക്കുള്ള സേവന സൗകര്യങ്ങൾ തുടങ്ങിയവ വിശദമായി ചർച്ച ചെയ്തു. വിവിധ സർക്കാർ ഓഫീസുകളെ ഒരേ സമുച്ചയത്തിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
10 നിലകളിലായി 29,614 ചതുരശ്ര അടി (സ്ക്വയർ ഫീറ്റ്) വിസ്തീർണ്ണത്തിൽ 34 സർക്കാർ ഓഫീസുകളെ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബേസ്മെന്റ് ഉൾപ്പെടെ 11 ലിഫ്റ്റുകളും 6 സ്റ്റെയർ കേസുകളും ഇതിൽ ഉൾപ്പെടും. പൂർണ്ണമായും ഭിന്നശേഷി സൗഹൃദമായാണ് റവന്യു ടവറിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ നിലയിലും വിവിധ സർക്കാർ ഓഫീസുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് രൂപരേഖ. ട്രഷറി, ഭാഗ്യക്കുറി ഓഫീസ്, സാമൂഹ്യ നീതി വകുപ്പ്, പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് ഓഫീസ് എന്നിവ താഴത്തെ നിലകളിൽ ക്രമീകരിക്കും. രണ്ടും മൂന്നും നിലകളിൽ ജില്ലാ കലക്ടറുടെ ഓഫീസ്, എ.ഡി.എം (ADM) ഓഫീസ്, അസിസ്റ്റന്റ് കലക്ടർ ഓഫീസ്, വി.ഐ.പി ലോഞ്ച്, ബോർഡ് റൂം തുടങ്ങി കലക്ടറേറ്റിലെ വിവിധ സെക്ഷനുകൾ പ്രവർത്തിക്കും. റവന്യു ടവറിലെ മറ്റ് നിലകളിൽ ഡെപ്യൂട്ടി കലക്ടർമാരുടെ ഓഫീസുകളും മറ്റ് വകുപ്പുതല ഓഫീസുകളുമുണ്ടാകും.
പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ടവറിൽ ഒരുക്കുന്നത്. ക്രഷ് (Creche), പബ്ലിക് വെയിറ്റിംഗ് സ്പേസ്, ഫീഡിംഗ് റൂം, ഡൈനിംഗ് ഹാൾ, കഫ്റ്റീരിയ, റീഡിംഗ് റൂം, ജീവനക്കാർക്കായി പ്രത്യേക വായന മുറി എന്നിവയും കെട്ടിടത്തിലുണ്ടാകും. ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്ലറ്റുകളും, പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി പ്രത്യേകം ടോയ്ലറ്റുകളും ക്രമീകരിക്കും. കൂടാതെ വിശാലമായ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.
വിവിധ വകുപ്പുകളുടെ പ്രവർത്തന ആവശ്യങ്ങൾ പരിഗണിച്ച് അനുയോജ്യമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങളും യോഗം പരിഗണിച്ചു. റവന്യു ടവറിന്റെ അന്തിമ പ്ലാൻ പി.ഡബ്ല്യു.ഡി ആർക്കിടെക്ചർ വിഭാഗം വിലയിരുത്തി ഭരണാനുമതി ലഭ്യമായാൽ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, എ.ഡി.എം പി.ഒ. സാദിഖ് എന്നിവർ പങ്കെടുത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി.കെ. അഹമ്മദ്, മന്ത്രിയുടെ പ്രതിനിധികളായ പി.എ. സലാം, പി.കെ. ബാവ, കെ. ഫാരിസ്, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. മുഹമ്മദ് ഇസ്മായിൽ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജു ജോസ്, അസി. എഞ്ചിനീയർ പി. ശുഹൈബ്, ഇലക്ട്രിക്കൽ എഞ്ചിനീയർ സി. ബഷീർ അഹമ്മദ്, ഓവർസിയർ ടി. രാജേഷ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.