കോഴിക്കോട്: സൗദി അറേബ്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഫ്ളൈനാസ് (flynas) കോഴിക്കോട് (കരിപ്പൂർ) - ജിദ്ദ റൂട്ടിൽ നാളെ മുതൽ സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് വിമാന സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ സൗദി സെക്ടറിലെ സംഘർഷാവസ്ഥയെത്തുടർന്ന് നിരവധി വിമാന സർവീസുകൾ തുടർച്ചയായി റദ്ദാക്കപ്പെടുന്ന സാഹചര്യത്തിലാണ് ഫ്ളൈനാസിന്റെ പുതിയ സർവീസ് എത്തുന്നത്. ഇത് സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും വലിയ ആശ്വാസമാകും.
നേരത്തേ ഈ റൂട്ടിൽ നേരിട്ട് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഈ മാസം 14 വരെ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. യാത്രക്കാർ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഫ്ളൈനാസിന്റെ കടന്നുവരവ് സർവീസുകളുടെ കുറവിന് താൽക്കാലിക പരിഹാരമാകുമെന്നാണ് കരുതുന്നത്.