വേങ്ങര: ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്കും ക്ഷേമരംഗത്തെ മാതൃകാപരമായ ഇടപെടലുകൾക്കും സംസ്ഥാന സർക്കാരിന്റെ അംഗീകാരവുമായി വേങ്ങര ഗ്രാമപഞ്ചായത്ത്. 2026-ലെ സംസ്ഥാന ഭിന്നശേഷി അവാർഡിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരത്തിനാണ് മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് അർഹമായത്.
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. വിവിധ വിഭാഗങ്ങളിലായി ലഭിച്ച 300-ഓളം എൻട്രികളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഭിന്നശേഷിക്കാരുടെ ക്ഷേമം, പുനരധിവാസം, സാമൂഹിക പങ്കാളിത്തം, വിദ്യാഭ്യാസം, തൊഴിൽ, ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിൽ പഞ്ചായത്ത് നടത്തിയ സമഗ്രമായ ഇടപെടലുകളാണ് പുരസ്കാര നിർണയത്തിൽ പ്രധാനമായും പരിഗണിക്കപ്പെട്ടത്.
ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനതല അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. വ്യക്തികൾ, സന്നദ്ധ സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.