കോട്ടക്കലിൽ 'സുകൃതം' വയോജന സ്നേഹസംഗമം പ്രൗഢഗംഭീരമായി

കോട്ടക്കൽ: "ചേർത്തുപിടിക്കാം... നമ്മുടെ നാടിനെ ചേർത്തുനിർത്തിയ തലമുറയെ..." എന്ന സന്ദേശവുമായി കോട്ടക്കൽ നഗരസഭ ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ സംഘടിപ്പിച്ച ‘സുകൃതം' വയോജന സ്നേഹസംഗമം നാടിന്റെ നന്മ നിറഞ്ഞ കാഴ്ചയായി മാറി. മുതിർന്ന തലമുറയുടെ ക്ഷേമവും ആരോഗ്യവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം മുതിർന്ന പൗരന്മാർ പങ്കെടുത്തു.

നഗരസഭയിലെ 38 അങ്കണവാടികൾ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന വയോജന ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. മുതിർന്നവരുടെ കൂട്ടായ്മയ്ക്കും പരസ്പര സ്നേഹത്തിനും ആദരവിനും വേദിയായ ചടങ്ങ് പ്രദേശവാസികൾക്കും വലിയ ആവേശമായി.

നഗരസഭയിലെ വയോമിത്രം പദ്ധതിയിൽ അംഗങ്ങളായ 2,500 വയോജനങ്ങൾക്കും സൗജന്യമായി ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർപേഴ്സൺ കെ.കെ. നാസർ പ്രഖ്യാപിച്ചു. 4,000-ത്തിലധികം അംഗങ്ങളുള്ള നഗരസഭയിലെ ഏറ്റവും വലിയ ക്ലബ്ബാണ് വയോജന ക്ലബ്ബെന്നും, മുതിർന്നവർക്കായി വിവിധ ക്ഷേമ പദ്ധതികൾ ഈ ഭരണകാലയളവിൽ തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിന്റെ ഭാഗമായി ഈസ്റ്റ് വില്ലൂർ ഡിവിഷനിലെ ഏറ്റവും പ്രായം കൂടിയ 20 മുതിർന്ന പൗരന്മാരെ ആദരിച്ചു. അതോടൊപ്പം, കേരളത്തിലെ മികച്ച മുനിസിപ്പൽ ചെയർപേഴ്സണുള്ള പുരസ്‌കാരം നേടിയ കെ.കെ. നാസറിനെ വയോജനങ്ങൾ ചടങ്ങിൽ സ്നേഹാദരവുകൾ നൽകി ആദരിക്കുകയും ചെയ്തു. സ്നേഹസംഗമത്തിന്റെ തുടർച്ചയായി ഡിവിഷനിലെ 60 വയസ്സ് പിന്നിട്ടവരെ ഉൾപ്പെടുത്തി ഏകദിന വിനോദയാത്ര സംഘടിപ്പിക്കുമെന്നും യോഗത്തിൽ പ്രഖ്യാപനമുണ്ടായി.

ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്കണവാടി അധ്യാപിക ബേബി പുഷ്പ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ പാറോളി റംല ടീച്ചർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിദ് മാങ്ങാട്ടിൽ, വിദ്യാഭ്യാസ-കലാ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലൈമാൻ പാറമ്മൽ, നഗരസഭാ സെക്രട്ടറി ടി. അനുപമ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ടി.വി. മുംതാസ്, സീനിയർ സിറ്റിസൺ ക്ലബ് നഗരസഭാ പ്രസിഡന്റ് രാജൻ മാസ്റ്റർ, സെക്രട്ടറി ടി.വി. സുലൈഖാബി, നഗരസഭാ യൂത്ത് കോർഡിനേറ്റർ ഷഫീഖ് യു., കരീം മാസ്റ്റർ, റഫീഖ് യു., ഷാഫി സി., ഷറഫു കെ. തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}