വിവേക് പറാട്ട് എഴുതുന്നു.. ഈ നോമ്പുകാല ചൂടിൽ സ്നേഹം വിളമ്പുന്ന ഉമ്മമാർ

ഈ നോമ്പുകാലചൂടിൽ 
സ്നേഹം വിളമ്പുന്ന ഉമ്മമാർ.


റമദാൻ വ്രതകാലത്ത് സർവ്വതും പടച്ചോനിൽ അർപ്പിച്ച് ദൈവീക ചിന്തകളിലൂടെ ജീവിതത്തെ ക്രമപ്പെടുത്തുകയാണ് വിശ്വാസികൾ. കേവലം ഭക്ഷണ നിരാസത്തിനപ്പുറം
മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണമാണ് റമളാൻ വ്രതത്തിലൂടെ ഊന്നൽ നൽകുന്നത്.

ആഘോഷാരവങ്ങളോടെയാണ് ഇന്ന് ബഹു ഭൂരിപക്ഷം കുടുംബങ്ങളും നോമ്പിനെ വരവേൽക്കുന്നത്. നോമ്പുതുറകളും, വിവിധ തരം ഭക്ഷണ പദാർത്ഥങ്ങളുടെ അമിത ഉപയോഗവും നോമ്പിന്റെ മാറ്റുകൂട്ടുന്നു. കേരള സമൂഹം ഒന്നടങ്കം ഇന്ന്, രാത്രികാല ഫുൾ ജാർ സോഡ ക്കടകൾക്ക് മുൻപിൽ ഇടം പിടിക്കുന്നു. ഇത്തരം കച്ചവടക്കാരും നോമ്പിന്റെ അവകാശികളായി മാറുന്നു. ഏത് ആഘോഷമായാലും, പരിപാടി ആയാലും കർട്ടനു പുറകിൽ അഹോരാത്രം പണിയെടുക്കുന്ന, ഏറെ വൈകി മാത്രം പൊതു സമൂഹം മനസ്സിലാക്കുന്ന ചിലരുണ്ട്. നമ്മുടെ വീടുകളിലും ഉണ്ടവർ.

വ്രദ ശുദ്ധിയുടെ ഈ പുണ്യ റമദാനിൽ ഓരോ വീട്ടിലും പുകയുന്ന അടുപ്പുകൾക്കരികെ ഓരോ ഉമ്മമാരുണ്ട്, മക്കളുടെ യും, കെട്യോന്റേയും, വീട്ടുകാരുടെയുമൊക്കെ ഇഷ്ട വിഭവങ്ങളൊരുക്കാൻ വേനൽ ചൂടിൽ അടുപ്പിനരികിൽ നിന്നുരുകി സ്നേഹം പാകം ചെയ്ത് വിളമ്പുന്നവർ. ഓരോരുത്തർക്കും വ്യത്യസ്ഥ ഇഷ്ടങ്ങളാണ്. ഉമ്മാക്കല്ലാതെ ആർക്കാ സ്വന്തം മക്കളേം കെട്യോന്റെയും ഇഷ്ടങ്ങളറിയാ…

ഓരോ ബാങ്ക് വിളിയിലും നെഞ്ചിടിപ്പ് കൂടുന്നവർ,

" റബ്ബേ ഒന്നും ആയില്ലല്ലോ 
പെറക്കാനുള്ള തല്ലേ " 
എന്ന് പറഞ്ഞ്
വേവലാതി പ്പെടുന്നവർ,

" ഈ ചെക്കനോട് ഒരു സാധനം പറഞ്ഞാ
നേരത്തിന് കിട്ടൂല്ലാ." 
എന്ന് സ്വയം പിറു പിറുക്കുന്ന വർ.

"പെറപ്പിക്കലുള്ളതാണ്
ഓല് തോനെ ആൾക്കാര്ണ്ടാവ്വോ .
ഞമ്മള് ണ്ടാക്കീത് തെകയ്യോ .
ഓൽക്ക് ടേസ്റ്റ് പറ്റോ ."

എന്ന് ടെൻഷനടിക്കുന്നവർ

" നോമ്പ് നോറ്റ് ക്ഷീണിച്ച്
ന്റെ കുട്ടി പണി കഴിഞ്ഞ് വരുമ്പോ
ഓന് പള്ള നറച്ച് തിന്നാന് ണ്ടാവോ. "

എന്ന് ആകുലപ്പെടുന്നവർ

"കാക്ക അങ്ങാടീന്ന് 
വരുമ്പോ ന്തെങ്കിലും
കൊണ്ട ന്നാ കുട്യാക്ക് ന്തേലും 
കൊട്ക്കായ് ന്ന്"


അങ്ങനെ നീളുന്നു ഓരോ ഉമ്മമാരുടെയും നോമ്പ് കാല വേവലാതികൾ.

മഹരിബ് ബാങ്ക് വിളിക്കുന്നു. 
ഓരോ വീട്ടിലെയും അടുക്കളയിലോ ഡൈനിങ് ഹാളിലോ ഉള്ള മേശയിലേക്ക്, സാധനങ്ങൾ നിരനിരയായി അപ്പോഴേക്കും എത്തിക്കഴിഞ്ഞിട്ടുണ്ടാവും. 

അതിഥികളായ നോമ്പു തുറക്കാർ ഉണ്ടെങ്കിൽ അവരുടെ ഊഴമാണ് ആദ്യം, 

"മക്കളും ബാപ്പയും ഇരിക്കട്ടെ എന്നിട്ട് ആവാം നമ്മക്ക് " 
എന്ന് ചിലയിടത്ത്

"ഉമ്മ ഇങ്ങള് നോമ്പുതുറന്നോ" എന്ന സ്നേഹത്തോടെയുള്ള ചോദ്യം
ചിലയിടത്തു നിന്ന് മാത്രം കേൾക്കാം. 

അടുക്കളയുടെ ഏതേലും മൂലയിൽ ഇരുന്ന് ബിസ്മി ചൊല്ലി രണ്ട് കാരക്ക കടിച്ച് ഒരു മുറുക്ക് വള്ളവും കുടിച്ച് അടുത്ത വിളമ്പലിന് ഒരുങ്ങുന്ന ഉമ്മമാരുടെ സ്നേഹത്തിനു മുൻപിൽ എന്താണ് പകരം വെക്കാനാവുക.

ബാല്യത്തിലും, കൗമാരത്തിലും, യൗവനത്തിലുമെല്ലാം സ്വന്തം കുടുംബത്തെ, സ്നേഹിക്കാനും, മുന്നോട്ട് നയിക്കാനും വേണ്ടി  മുഖ്യ പങ്കു വഹിക്കാൻ വിധിക്കപ്പെട്ടവർ.

ഉപ്പിനും, മുളകിനും, പുളിക്കും, മണത്തിനും, വൃത്തിക്കും കുറ്റം പറഞ്ഞ്, ബഹളം വെക്കുന്ന തീൻ മേശകളും ചിലയിടത്ത് കാണാം.
ആരെയാ ചീത്ത പറയുന്നത് ?

മ്പോമ്പിന്റെ ക്ഷീണവും പേറി അടുക്കളയിലെ തീച്ചുളയിൽ കിടന്ന്, മനസ്സിലെ സ്നേഹത്തിൽ പൊതിഞ്ഞ വിഭവങ്ങൾ മക്കൾക്കും കെട്യോനും വേണ്ടി ഒരുക്കി എത്തിച്ച ഉമ്മയോട്, ഭാര്യയോട്.

ഗൾഫിലെ ഷെയേഡ് റൂമിൽ കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിക്കുമ്പോൾ ഉമ്മാനെ പറഞ്ഞ ചീത്ത ഓർക്കാത്തവർ എത്ര പേരുണ്ടാവും.
 
നോമ്പ് പെറക്കുമ്പോ ഉമ്മ വിളമ്പിത്തന്ന ചോറിന്റെ രുചി ഓർക്കാത്തവരെത്ര പേരുണ്ടാകും. 
ഏതൊക്കെ മൾട്ടി നാഷണൽ ഫുഡ് കോർട്ടുകളിൽ പോയാലും , സ്റ്റാർ ഹോട്ടലുകളിലെ കഫേകളിൽ പോയാലും, ഒരിക്കൽ പോലും രുചിക്കാൻ കഴിയില്ല, വീട്ടിലെ പടിയിലോ ,ഡയിനിങ്ങ് ടേബിളിലോ ഇരുന്നു കഴിച്ച് കുറ്റം പറഞ്ഞ ആ വിഭവത്തിന്റെ , ഗൃഹാതുരത്വത്തിന്റെ ആത്മബന്ധമുളവാക്കുന്ന ആ രുചി.

ഉമ്മ എന്നും സ്നേഹത്തിന്റെയും കരുതലിന്റെയും പര്യായം തന്നെയാണ്.

ചിലപ്പോഴൊക്കെ നോമ്പ് കാലം ചിലരെയെങ്കിലും നിസ്സഹായരാക്കാറുണ്ട്.
കുടുംബത്തിന്റെ അത്താണി ആയ പിതാവോ, മകനോ, ചിലർ അസുഖ ബാധിതരാവും, അന്നന്നത്തെ അന്നത്തിനു ജോലിയെടുക്കുന്ന വർ നോമ്പിന്റെ ക്ഷീണത്തിലും, ആലസ്യത്തിലും കുടുബത്തെ മുറുകെ പിടിക്കുന്നവർ. 

വീട്ടിൽ കിണർ ഇല്ല. ചിലപ്പോഴൊക്കെ പഞ്ചായത്ത് പൈപ്പിലെ വെള്ളത്തിനും ക്ഷാമം. കുടിവെള്ളം വരെ കുടത്തിലാക്കി കൊണ്ടു വച്ച്, ഉള്ളതു കൊണ്ട്, ബാങ്ക് വിളിക്ക് മുന്നേ ജോലി കഴിഞ്ഞ് വരുന്ന മകന്റെ, ഭർത്താവിന്റെ കയ്യിലെ പൊതിയും പ്രതീക്ഷിച്ചിരിക്കുന്ന ഉമ്മമാർ. ഒരു കൂരക്കു കീഴെ ഭക്ഷണം കഴിക്കുമ്പോഴും, ഉമ്മാന്റെ ഓരിയും മക്കൾക്കു നൽകുന്നു.

ഉമ്മ ഉണരുന്നതും, ഉറങ്ങുന്നതും ഒന്നും ഒരു കാലം വരെ ആരും അന്വേഷിക്കില്ല. അടുക്കളയിലെ തിരക്കുകളിൽ കിടന്നു വീർപ്പുമുട്ടുന്നതും ആരും കാണില്ല. 
ചില സമയങ്ങൾ, കാലങ്ങൾ അങ്ങനെ കടന്നുപോകുമ്പോൾ ഒടുവിൽ ഉമ്മയിലേക്ക് മാത്രമായി ചുരുങ്ങും ഓരോരുത്തരും.

"ഉമ്മാക്ക് എങ്ങനെയുണ്ട്? "
"ഉമ്മ ഉറങ്ങിയോ?"
"ഉമ്മ കഴിച്ചോ?"
"ഉമ്മാ എന്താ ഒരു ഉഷാറില്ലാത്തത്?"
"ഉമ്മാ എന്താങ്ങള് ഒന്നും മിണ്ടാത്തത് ?"
" ഉമ്മാ എണീക്ക് "

കാലം ഒരു യാത്രക്കാരനെപ്പോലെയാണിന്ന്. ഒരു ദിക്കിൽ നിന്നും യാത്ര തിരിച്ച്, പല ദുർഘടം പിടിച്ച പാതകളിലൂടെയും സഞ്ചരിക്കും, ചില തണലുള്ള സ്ഥലങ്ങളിൽ വിശ്രമിക്കും, ചിലയിടത്ത് ഉറങ്ങും, ചിലയിടത്ത് നിൽക്കും, ഒടുവിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന സഞ്ചാരിയെപ്പോലെ. 

ഓരോ നോമ്പുകാലത്തും പിന്നിട്ട വഴികളെക്കുറിച്ച് ചിന്തിക്കാത്തവർ ഉണ്ടാവില്ല.
ദുർഘടം നിറഞ്ഞ ഇന്നലെകളിൽ അനുഭവിച്ച പ്രയാസങ്ങളും, ഇന്ന് അനുഭവിക്കുന്ന സുഖലോലുപതകളും എല്ലാം നോമ്പുതുറയിൽ പ്രകടമാകും. 

എണ്ണമറ്റ വിഭവങ്ങൾ കൂട്ടി നോമ്പു തുറക്കുമ്പോൾ പിന്നിട്ട കാലത്ത് നാം നോമ്പിനെ സമീപിച്ച സാഹചര്യവും ഓരോരുത്തരും മനസ്സുകൊണ്ടെങ്കിലും വിലയിരുത്താറുണ്ട്. 

അവിടെയും ഉമ്മയുടെ സാന്നിധ്യം മറക്കാൻ കഴിയില്ല, ഉള്ളതുകൊണ്ട് കുടുംബത്തെ മുഴുവൻ ഊട്ടി, അവസാനം ബാക്കിയുള്ളത് കഴിക്കുന്ന ഉമ്മമാർ.

 ഇന്ന് ഊൺ മേശ മുഴുവനായി നിറച്ചു വച്ച വിഭവങ്ങൾ നോക്കി, കുട്ടികളും മക്കളും പേരക്കുട്ടികളും മഹരിബ് ബാങ്കിന് കാതോർത്ത് ഇരിക്കുമ്പോൾ.
ഷുഗറിന്റെയും പ്രഷറിന്റെയും സോഡിയത്തിന്റെയും കാർഡിയാക് ചികിത്സയുടെയും മരുന്നുകളുടെ മുകളിലൂടെ,
ഉമ്മാക്ക് ഉള്ളത് എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്നത് ചില വിഭവങ്ങൾ മാത്രം.

- വിവേക് പറാട്ട് -
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}