പരപ്പനങ്ങാടി: റെയിൽവേയുടെ അമൃത് ഭാരത് പദ്ധതിയിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനും. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്ലാറ്റ്ഫോമുകളുടെ വിപുലീകരണം, സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, സൗന്ദര്യവത്കരണം എന്നിവയ്ക്ക് മുൻഗണന നൽകും. പദ്ധതിക്കുവേണ്ടി പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് നൽകിയ പട്ടികയിൽ പരപ്പനങ്ങാടിയുമുണ്ട്.
അമൃത് ഭാരത് പദ്ധതിക്കു കീഴിൽ സ്റ്റേഷനുകളിൽ ഉയരം കൂടിയ പ്ലാറ്റ്ഫോമുകൾ, മികച്ച കാത്തിരിപ്പുമുറികൾ, ഇന്റർനെറ്റ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ, പാർക്കിങ്, ഭക്ഷണശാലകൾ, പൂന്തോട്ടം, ഇരിപ്പിടങ്ങൾ, ചുറ്റുമതിൽ, സൂചനാബോർഡുകൾ, പ്രകാശസംവിധാനം, യന്ത്രഗോവണികൾ, അഴുക്കുചാൽ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സാധിക്കും.
യാത്രക്കാരുടെ അഭിപ്രായം കൂടി തേടി മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഘട്ടംഘട്ടമായാണ് സ്റ്റേഷനുകൾ വികസിപ്പിക്കുക.
ജില്ലയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ പരപ്പനങ്ങാടിക്ക് ഈ പദ്ധതി വലിയ നേട്ടമാകും. പ്ലാറ്റ്ഫോമുകളിൽ പലയിടത്തും മേൽക്കൂരയില്ലാത്ത സ്ഥിതിയാണ്.
മെച്ചപ്പെട്ട പാർക്കിങ് സംവിധാനവും ആവശ്യമാണ്. ഗുണനിലവാരമുള്ള കാത്തിരിപ്പുമുറികളും ശൗചാലയങ്ങളും വന്നാൽ ദീർഘയാത്രക്കാരടക്കമുള്ളവർക്ക് സഹായകമാകും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുന്നതോടെ സ്റ്റേഷന്റെ അടിസ്ഥാനസൗകര്യങ്ങളിൽ കാര്യമായ മാറ്റം യാത്രക്കാർ പ്രതീക്ഷിക്കുന്നുണ്ട്.