വേങ്ങര: 2020ലെ ദേശീയ ധീരതാ പുരസ്കാരം വേങ്ങര സ്വദേശി അഞ്ചുകണ്ടൻ ഉമ്മർ മുക്താർ ഏറ്റുവാങ്ങി. ദില്ലിയിൽ നടന്ന ചടങ്ങിൽ മുൻ വായുസേന മേധാവി ബി എസ് രൺധാവയാണ് പുരസ്കാരം സമ്മാനിച്ചത്.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം പുരസ്കാരങ്ങൾ നൽകിയിരുന്നില്ല. 2020 ജൂൺ 21നാണ് ഉമ്മർ മുക്താറിനെ പുരസ്കാരത്തിലേക്ക് നയിച്ച സംഭവം.പാങ്ങാട്ട് കുണ്ടിൽ വേങ്ങര പാടത്തോട് ചേർന്ന് മുക്താറിന്റെ വീടിനടുത്തുള്ള ചോലക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ അപകടത്തിൽപ്പെടുകയായിരുന്നു.
മുക്താറിന്റെ പിതൃസഹോദരൻ പരേതനായ സിദ്ധീഖിന്റെ ഭാര്യ സുമയ്യ, മകൻ സെസിൻ അഹമ്മദ് (10),അയൽവീട്ടിലെ ആദിൽ (5) എന്നിവരാണ് അപകടത്തിൽപെട്ടത്.
നിലവിളികേട്ട് ഓടിയെത്തിയ ഉമർ മുക്താർ രണ്ട് ആൾ പൊക്കത്തിൽ വെള്ളമുള്ള കുളത്തിലേക്ക് ചാടി കാലുകൊണ്ട് തള്ളിനീക്കി എല്ലാവരെയും കരക്കെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.അബ്ബാസാണ് ഉമ്മർ മുക്താറിന്റെ പിതാവ്,ഉമ്മ സമീറ, അൽഫിന, മുഹമ്മദ് ഐമൻ എന്നിവർ സഹോദരങ്ങളാണ്.