വേങ്ങര: 1988-89 വർഷങ്ങളിൽ (ഏഴാം ക്ലാസ്) വലിയോറ ജി.യു.പി സ്കൂളിൽ ഒരുമിച്ച് പഠിച്ച സഹപാഠികൾ 34 വർഷങ്ങൾക്ക് ശേഷം തങ്ങളെ പഠിപ്പിച്ച അധ്യാപകരോടപ്പം പഠിച്ച സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഒരുമിച്ച് കൂടി.
"പുളിമരത്തണലിൽ" എന്ന പേരിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സ്കൂൾ ഹെഡ്മാസ്റ്റർ ഹരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പൂർവ്വ വിദ്യാർത്ഥി കൂടിയായ വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം കണ്ണാട്ടിൽ മജീദ് അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർത്ഥിനിയും ഇപ്പോൾ പ്രസ്തുതസ്കൂളിലെ അധ്യാപികയുമായ നിഷ ടീച്ചർ സ്വാഗതവും പൂർവ വിദ്യാർത്ഥിനി ആമിന നന്ദിയും പറഞ്ഞു. പിടിഎ പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി.
അന്നത്തെ അധ്യാപകരായ ചാത്തൻ മാസ്റ്ററേയും ഉഷ ടീച്ചറേയും ചടങ്ങിൽ ആദരിച്ചു.
സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ച ഉപഹാരങ്ങൾ സ്കൂൾ ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റും ഏറ്റുവാങ്ങി. കലാപരിപാടികളും അരങ്ങേറി. കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് പ്രവാസി സുഹൃത്തുക്കൾ സമർപ്പിച്ച ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
സംഗമത്തിന് കൺവീനർ പള്ളിയാളി മുസ്തഫ മുഖ്യ കാർമ്മികത്വം നൽകി.