മലപ്പുറം: മുസ്‌ലിംലീഗിന്റെ ജില്ലാ സമ്മേളനത്തിന് മലപ്പുറം ഒരുങ്ങി. രാജ്യത്തുതന്നെ പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ ജില്ലയുടെ സമ്മേളനമാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗൺഹാളിൽ നടക്കുന്നത്. സംസ്ഥാന നേതാക്കളെല്ലാംതന്നെ സമ്മേളനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുക്കുന്നു.
ജില്ലയിലെ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളിൽ പതിനൊന്നും ലീഗാണ് പ്രതിനിധീകരിക്കുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളും നഗരസഭകളും പാർട്ടി ഭരണത്തിലാണ്. അതിന്റെകൂടി പകിട്ട് സമ്മേളനത്തിൽ പ്രകടമാകും.
പഞ്ചായത്ത്, മണ്ഡലം കമ്മറ്റി ഭാരവാഹികളും ജില്ലാ ഭാരവാഹികളും ജനപ്രതിനിധികളുമടക്കം ആയിരത്തഞ്ഞൂറോളം പേർ പ്രതിനിധികളായി പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ.യും പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭാരവാഹി തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ ഉണ്ടാകില്ല. എല്ലാ സമ്മേളന വേദിയിലും മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടാകും. ‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ എന്നാണ് സമ്മേളനപ്രമേയം. എം. അബ്ദുള്ളക്കുട്ടി, സലീം കുരുവമ്പലം, ഇസ്മയിൽ മൂത്തേടം, പി.കെ.സി. അബ്ദുറഹ്‌മാൻ, കെ.എം. അബ്ദുൾഗഫൂർ, നൗഷാദ് മണ്ണിശ്ശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം-11.30
:ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനംചെയ്യും.
യുവജനസമ്മേളനം-വൈകീട്ട് 7.00
:സംസ്ഥാന യൂത്ത്‌ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. മുഖ്യപ്രഭാഷണം: സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.
വനിതാ സമ്മേളനം-വെള്ളിയാഴ്ച 2.00 (ടൗൺഹാൾ-സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗർ)
:അഡ്വ. പി.എം.എ. സലാം ഉദ്ഘാടനംചെയ്യും.
ലോയേഴ്‌സ് മീറ്റ്-3.00 (ഖാഇദെ മില്ലത്ത് സൗധം-കൊളത്തൂർ ടി. മുഹമ്മദ് മൗലവി നഗർ)
:കെ.പി.എ. മജീദ് ഉദ്ഘാടനംചെയ്യും. മുഖ്യപ്രഭാഷണം: അഡ്വ. യു.എ. ലത്തീഫ്.
സാംസ്കാരിക സമ്മേളനം-വൈകീട്ട് 7.00 (ടൗൺഹാൾ)
:ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്യും. തുടർന്ന് ഇശൽ.
വിദ്യാർഥി സമ്മേളനം-ശനിയാഴ്ച രാവിലെ 9.00( ഇ. അഹമ്മദ് നഗർ-ടൗൺഹാൾ)
: പി.വി. അബ്ദുൾവഹാബ് എം.പി. ഉദ്ഘാടനംചെയ്യും. മുഖ്യപ്രഭാഷണം: പി.കെ. നവാസ്.
പൊതുസമ്മേളനം-വൈകീട്ട് 7.00 (സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗർ)
:സസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും.
:വലിയ വരമ്പിലെ പി.എം.എസ്.എ. പൂക്കോയ തങ്ങൾ സ്മാരക ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്ത് വ്യാഴാഴ്ച രാവിലെ ഒൻപതിന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
എഴുപത്തഞ്ച് പിന്നിട്ട പാർട്ടി നേതാക്കളും കാരണവന്മാരും ഒപ്പം പതാക ഉയർത്തും. 10.30-ന് ടൗൺഹാളിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. മുഖ്യപ്രഭാഷണം: കെ.പി.എ. മജീദ് എം.എൽ.എ.