വേങ്ങര: കുറ്റൂർ നോർത്ത് കെ എം ഹയർ സെക്കന്ററി സ്കൂളിൽ നിന്നും അറുപത്തിരണ്ടോളം വിദ്യാർത്ഥികൾക്ക് മാമാങ്കം നടന്ന വാർഷിക ദിനമായ മാഘ മകം ദിനത്തിൽ നിളാതീരത്തെത്തി. മാമാങ്ക മഹോത്സവത്തിൽ പങ്കെടുക്കാനും കൂടുതൽ അറിവുകൾ നേടാനും സാധിച്ചു.
മാമാങ്ക തിരുശേഷിപ്പുകളായ മണിക്കിണർ, പുരാവസ്തു സംരക്ഷിത സ്മാരകമായ നിലപാടുതറ, മരുന്നറ എന്നിവയും സന്ദർശിച്ചു. ഗൈഡ് ഉമ്മർ ചിറയ്ക്കലിന്റെ ക്ലാസ്സുകൂടിയായപ്പോൾ കേരള ചരിത്രത്തിലെ ഒരു പ്രധാന ഏടിലൂടെ അനായാസം കടന്നുപോകാൻ കുട്ടികൾക്ക് സാധിച്ചു.
പിന്നീട് ജേർണി ടു ഗ്രാന്റ് ഹെറിടേജ് പ്രോഗ്രാമുമായി കേരള കലാമണ്ഡലം, വള്ളത്തോൾ സ്മാരകം, വരിക്കാശ്ശേരി മന എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു.
കലാമണ്ഡലത്തിലെ അന്തരീക്ഷം, തൽസമയ ക്ലാസ്സുകൾ എന്നിവ വിദ്യാർത്ഥികൾ സാകൂതം നിരീക്ഷിച്ചു. ഭൂതകാലത്തിലെ ഒരു നാടിന്റെ പാരിസ്ഥിതിക സാമൂഹിക സാംസ്കാരിക മേഖലയിൽ മുഖ്യപങ്കു വഹിച്ച വരിക്കാശ്ശേരി മനയും ചുറ്റുപാടും വിദ്യാർത്ഥികളിൽ ചരിത്രാന്വേഷണത്തിന്റെ ഗതി നിർണയത്തിന് ആക്കം കൂട്ടുക തന്നെ ചെയ്തു.
അഞ്ച് മുതൽ ഒമ്പത് ക്ലാസ് വരെയുള്ള കുട്ടികൾക്കായി ചരിത്രാന്വേഷണം, കലാസ്വാദനം, പ്രകൃതി നിരീക്ഷണം ഇവയെ മുൻനിർത്തി 'ഒരിക്കൽ ഒരിടത്ത്' എന്ന പേരിൽ സംഘടിപ്പിച്ച ഈ കലാസാംസ്കാരിക പഠനയാത്രക്ക് സംഗീത പി, ഷൈജു കാക്കഞ്ചേരി, ജോഷിത്ത് പി, ഷംന പി, സ്മിത കെ, മിനി ടി ആർ, ശ്രുതി അജിത് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടത്തിയ യാത്രാ വിവരണ മത്സരത്തിൽ തുഹ്ഫ പി.പി, ഫാത്തിമ മർഹ, ശ്രദ്ധ സി, ഗൗരി കൃഷ്ണ കെ.പി, ദിയ എ.പി, അനുപ്രഭ എ എന്നീ വിദ്യാർത്ഥികൾ വിജയികളായി. പ്രധാനാധ്യാപകൻ ഗിരീഷ് കുമാർ പി.സി, ഡെപ്യൂട്ടി എച്ച് എം ഗീത എസ്, പി ടി എ പ്രസിഡന്റ് മൊയ്തീൻ കുട്ടി സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ, അനധ്യാപകർ എന്നിവർ ആശംസ നൽകി.