മലപ്പുറം: ജില്ലയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടക്കുന്നിൽ ചേംബർ ടവർ ഒരുങ്ങുന്നു. മലപ്പുറം ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലാണ് ടവർ ഒരുക്കുന്നത്. ഇതിന്റെ ലോഗോ പ്രകാശനം മലപ്പുറം വുഡ്‌ബൈൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. നിർവഹിച്ചു.
സ്റ്റാർട്ടപ്പുകളുടെയും സംരംഭകരുടെയും ആസ്ഥാനമായാണ് ടവർ നിർമിക്കുന്നത്. മലപ്പുറം ചേംബർ ഓഫീസ്, ഇറക്കുമതി-കയറ്റുമതി നടപടിക്രമങ്ങളെ സഹായിക്കാനുള്ള കേന്ദ്രം എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും. ടവറിന്റെ തറക്കല്ലിടൽ ഏപ്രിലിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.വി. അൻവർ പറഞ്ഞു.
വാർഷിക ജനറൽബോഡിയും കുടുംബയോഗവും ഇതിന്റെ ഭാഗമായി നടന്നു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, യു.എ. ലത്തീഫ് എം.എൽ.എ. എന്നിവർ മുഖ്യാതിഥികളായി. ചേംബർ പ്രസിഡന്റ് കെ.വി. അൻവർ, സെക്രട്ടറി കെ.പി. റിയാസ്‌ബാബു, ട്രഷറർ അബ്ദുൽസലീം കാരാട്ട്, അബ്ദുൾഹമീദ് കുരിക്കൾ, മേജർ രവി നായർ, ഷഫീക് കെ. പാസ്റ്റ്, ഖാലിദ് പുതുശ്ശേരി, ഡോ. ജോർജ് ജേക്കബ്, പരി മുനീർ, എം. അബ്ദുൾമജീദ് തുടങ്ങിയവർ പ്രസംഗിച്ചു.