പുഴയിൽനിന്ന് ചെറുമീനുകൾ‍ പിടിക്കുന്നതിനു വിലക്ക്;

വേങ്ങര: കടലുണ്ടിപ്പുഴയിൽനിന്ന് ചെറുമീനുകൾ‍ പിടിക്കുന്നത് നിരോധിച്ച് മലപ്പുറം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ പേരിൽ മാതാപ്പുഴ കടവിൽ ബോർഡ് സ്ഥാപിച്ചു. റജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയുള്ള ഉൾനാടൻ മീൻപിടിത്തവും നിരോധിച്ചിട്ടുണ്ട്. 

കണ്ണിയുടെ വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചുള്ള മീൻപിടിത്തവും പാടില്ല. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

നിയന്ത്രണം ലംഘിച്ചാൽ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും ബോർഡിൽ മുന്നറിയിപ്പുണ്ട്. സംയോജിത മത്സ്യ പരിപാലന പദ്ധതി അനുസരിച്ച് മാതാപ്പുഴ കടവിൽ ഡിസംബർ 28ന് ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. കടക്കാട്ടുപാറ ആലിൻകടവിൽ ഫെബ്രുവരി 7ന് 6 ലക്ഷം ചെമ്മീ‍ൻ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു.

കരിമീൻ, ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ഇനിയും പദ്ധതിയുണ്ട്. 5 ലക്ഷം കാർപ്, പൂമീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കും. കടലുണ്ടിപ്പുഴയിൽ‍ 100 ടൺ മത്സ്യങ്ങളുടെ അധിക ഉൽപാദനം പ്രതീക്ഷിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ സംരക്ഷണം, തീറ്റ, പ്രജനന കാലത്തേക്ക് ‌പ്രത്യേക താവളം എന്നിവ ഫിഷറീസ് വകുപ്പ് ഉറപ്പാക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}