തിരൂരങ്ങാടി: രാഷ്ട്രീയകേരളത്തിലെ പ്രമുഖർ പ്രതിനിധീകരിക്കാറുള്ള വി.ഐ.പി. നിയോജകമണ്ഡലമാണ് തിരൂരങ്ങാടിയെന്ന് പറയാറുണ്ട്. വികസനപ്രവർത്തനങ്ങളിൽ ദീർഘവീക്ഷണം ഇല്ലാത്തതിനാൽ വികസമുരടിപ്പ് തിരൂരങ്ങാടിയിൽ കാണുന്നുണ്ടെന്ന വിമർശനവും നിലനിൽക്കുന്നു.
ഇനി വരുമോ പൂക്കിപ്പറമ്പ് -പതിനാറുങ്ങൽ ബൈപ്പാസ്?
കഴിഞ്ഞതവണ പി.കെ. അബ്ദുറബ്ബ് തിരൂരങ്ങാടിയെ പ്രതിനിധീകരിച്ച സമയത്താണ് തിരൂരങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ലക്ഷ്യമിട്ട് പൂക്കിപ്പറമ്പ് -പതിനാറുങ്ങൽ ബൈപ്പാസ് റോഡ് പ്രഖ്യാപിച്ചത്.
സംസ്ഥാനസർക്കാറിന്റെ ബജറ്റിൽ നൂറ് കോടിയും ഇതിനായി പ്രഖ്യാപിച്ചിരുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സർവേ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഈ പദ്ധതി എങ്ങുമെത്തിയിട്ടില്ല. വെന്നിയൂർ, കക്കാട്, തിരൂരങ്ങാടി, ചെമ്മാട് തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് പരപ്പനങ്ങാടി ഭാഗത്തേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കുന്നതിന് ഉപകരിക്കുന്ന തരത്തിലാണ് ബൈപ്പാസ് വിഭാവനം ചെയ്തിരുന്നത്.
തുടർനടപടികൾ നിലച്ചതോടെ ഈ പദ്ധതി എങ്ങുമെത്തിയില്ല. അടുത്തിടെ വീണ്ടും ചർച്ചയായിട്ടുണ്ടെങ്കിലും ബൈപ്പാസ് യാഥാർത്ഥ്യമാകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. നേരത്തെ കണ്ടെത്തിയ സ്ഥലങ്ങളിലൂടെ ബൈപ്പാസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കൊടിഞ്ഞി അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് എതിർപ്പുകൾ ഉയർന്നിട്ടുള്ളത് പദ്ധതി വൈകുമെന്ന സൂചനയാണ് നൽകുന്നത്. പരിഹാരങ്ങൾ ഉണ്ടാക്കുന്നതിന് ബന്ധപ്പെട്ടവർ മുൻെെകയെടുക്കാത്തതിനാലാണ് ബൈപ്പാസ് യാഥാർത്ഥ്യമാകുന്നത് വൈകുന്നതെന്ന വിമർശനങ്ങളാണുള്ളത്.
ചെമ്മാട്ടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പദ്ധതികളില്ല
നിയോജകമണ്ഡലത്തിന്റെയും തിരൂരങ്ങാടി താലൂക്കിന്റെയും ആസ്ഥാനവും വ്യാപാരകേന്ദ്രവുമായ ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പദ്ധതികളൊന്നും ഇല്ലാ്തത് വലിയപ്രതിന്ധിയായി നിലനിൽക്കുന്നു. ചെമ്മാട്ടെ ഗതാഗതക്കുരുക്കഴിക്കുന്നതിന് സഹായിക്കുന്നത് കൂടിയായിരുന്നു നിർദിഷ്ട പൂക്കിപ്പറമ്പ് -പതിനാറുങ്ങൽ ബൈപ്പാസ്.
ഇത് വൈകുന്നതോടെ ചെമ്മാട്ടെ പ്രയാസങ്ങളും തുടരുകയാണ്.
ചെമ്മാട് ടൗണിൽ മേൽപ്പാലം നിർമിക്കുമെന്ന് നിലവിലെ എം.എൽ.എ. കെ.പി.എ. മജീദ് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപാരികൾ എതിർപ്പ് ഉയർത്തിയതിനാൽ പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് എം.എൽ.എ. അടുത്തിടെ വിശദീകരിച്ചത്. പൂക്കിപ്പറമ്പ് ബൈപ്പാസ് യാഥാർത്ഥ്യമാക്കിയാൽ ചെമ്മാട്ടെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെങ്കിലും പദ്ധതി വൈകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്്.
മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്
വെന്നിയൂർ, തിരൂരങ്ങാടി, ചെമ്മാട് തുടങ്ങിയ പ്രധാന അങ്ങാടികളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടാകാറുള്ളത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രികൾ, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കടക്കം പോകുന്നവർ ഏറെനേരം ഗതാഗതക്കുരുക്കിൽപ്പെടുന്നത് വലിയ ദുരിതങ്ങളാണ് നൽകുന്നത്. പോലീസ്, ഹോംഗാർഡ് എന്നിവരുടെ എണ്ണക്കുറവുള്ളതിനാൽ ഗതാഗതനിയന്ത്രണത്തിനും സംവിധാനങ്ങൾ കുറവാണ്.