കാലിക്കറ്റ് സർവ്വ കലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ കലാ മത്സരത്തിൽ മലയാളം ഉപന്യാസത്തിന് ഒന്നാം സ്ഥാനം നേടി എഴുപത്തിയൊന്നുകാരൻ. വേങ്ങര വലിയോറ ഭാസ്കരൻ വഴുതനയിൽ ആണ് പ്രായത്തെ തോൽപ്പിച്ച് പഠനം നടത്തുകയും മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തത്.
മത്സരാർത്ഥികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിൽ ഭാസ്കരനെ കാലിക്കറ്റ് വി.സി. പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
പ്ലസ് ടുവിന് പഠിക്കുമ്പോൾ ഉപന്യാസ മത്സരത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. ഈ ആത്മ വിശ്വാസത്തിലാണ് ഇത്തവണയും മത്സരിച്ചത്. ദീർഘ കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തി ഇപ്പോൾ വിദൂര വിദ്യാഭ്യാസം വഴി മലയാളം ബി. എ. നാലാം സെമസ്റ്ററിന് പഠിക്കുന്ന ഭാസ്കരൻ
പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
പലകാരണങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിയവർക്ക് മാതൃക കൂടിയാവുകയാണ് ഇദ്ദേഹം.