വേങ്ങര: തല ചായ്ക്കാൻ സ്വന്തമായൊരു കൂര സ്വപ്നം കാണാൻ പോലും ത്രാണിയില്ലാത്ത ഹതഭാഗ്യരിൽ ചിലർക്കെങ്കിലും അത്താണിയാവുകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന
പീപ്പിൾസ് ഫൗണ്ടേഷന് കീഴിൽ മലപ്പുറം ജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലെ ചേറൂർ മഞ്ഞേങ്ങരയിൽ 10 വീടുകളും ഒരു കമ്മ്യൂണിറ്റി സെന്ററും ഉൾക്കൊള്ളുന്ന പീപ്പിൾസ് വില്ലേജ് 2023 മാർച്ച് 19 ന് ഗുണഭോക്താക്കൾക്ക് കൈമാറുകയാണ്.
ചേറൂരിലെ സുമനസ്സുകളായ മൂന്ന് പേർ ദരിദ്ര ജനങ്ങൾക്ക് വീട് വെക്കാനായി പീപ്പിൾസ് ഫൗണ്ടേഷന്
കൈമാറിയ 43 സെന്റ് ഭൂമിയിലാണ് ഈ സംരംഭം സജ്ജമായത്.
43 സെന്റ് സ്ഥലത്ത് പത്ത് വീടുകൾ, കമ്യൂണിറ്റി സെൻറർ, കുടിവെള്ള പദ്ധതി, വൈദ്യുതി കണക്ഷൻ ,റോഡ്, ചുറ്റുമതിൽ, മാലിന്യ സംസ്കരണത്തിന് ഇൻസിനേറ്റർ എന്നിവ ഉൾക്കൊളളുന്ന സമഗ്ര ടൌൺഷിപ്പ് ആണ് യഥാർത്ഥത്തിൽ പീപ്പിൾസ് വില്ലേജ്.
10 വീടുകളുടെ സമർപ്പണം മാർച്ച് 19, ഞായറാഴ്ച വൈകുന്നേരം 4.30 ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി നിർവ്വഹിക്കും.
ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മലി അധ്യക്ഷത വഹിക്കും,
കമ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറയും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസയും നിർവ്വഹിക്കും.